പട്ന: പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുലിനെതിരെ കോടതിയെ സമീപിച്ച് ബിഹാർ സ്വദേശി. രാഹുൽ കാരണം 250 രൂപയുടെ നഷ്ടമുണ്ടായെന്ന് പരാതിയിൽ ആരോപിക്കുന്നു. ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് സംഭവം. മുകേഷ് ചൗധരിയെന്നയാളാണ് രാഹുലിനെതിരെ പ്രാദേശിക കോടതിയിൽ പരാതി നൽകിയത്.
ഇന്ത്യക്കെതിരെ പോരാടണമെന്ന രാഹുലിന്റെ പ്രസ്താവന കേട്ട് ഞെട്ടിപ്പോയതോടെ കൈയിലിരുന്ന പാൽപാത്രം നിലത്തുവീണെന്നും പാത്രത്തിലുണ്ടായിരുന്ന അഞ്ച് ലിറ്റർ പാൽ ഉപയോഗശൂന്യമായെന്നുമാണ് മുകേഷ് പറയുന്നത്. ഇതുവഴി 250 രൂപയുടെ നഷ്ടമുണ്ടായെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
റൊസേര സബ് ഡിവിഷനിലെ സിവിൽ കോടതിയിൽ സമർപ്പിച്ച പരാതിയുടെ പകർപ്പ് മുകേഷ് ചൗധരി മാദ്ധ്യമങ്ങൾക്ക് കൈമാറി. ഭാരതീയ ന്യായസംഹിത പ്രകാരം രാജ്യദ്രോഹവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി രാഹുലിനെതിരെ വിചാരണ ആരംഭിക്കണമെന്നാണ് പരാതിയിൽ പറയുന്നത്. യുവാവിന്റെ പരാതി കോടതി ഫയലിൽ സ്വീകരിച്ചോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.















