മുംബൈ: മോഷണശ്രമം തടയുന്നതിനിടെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ സെയ്ഫ് അലി ഖാന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് പങ്കുവച്ച് സഹോദരി സബ പട്ടൗഡി. എന്റെ സഹോദരൻ വേഗത്തിൽ സുഖം പ്രാപിച്ചുവെന്നും ഇപ്പോൾ പോസിറ്റീവായാണ് ഇരിക്കുന്നതെന്നും സബ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വലിയൊരു അപകടത്തിൽ നിന്ന് എന്റെ സഹോദരൻ പൂർണ ആരോഗ്യവാനായി തിരിച്ചുവന്നതിലും അദ്ദേഹത്തോടൊപ്പം എനിക്ക് സമയം ചെലവഴിക്കാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് സബ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിലെത്തി സെയ്ഫിനെ കണ്ടതിന് ശേഷമാണ് സബ കുറിപ്പ് പങ്കുവച്ചത്.
അഞ്ച് ദിവസത്തെ ചികിത്സയ്‌ക്ക് ശേഷം സെയ്ഫ് അലി ഖാൻ ഇന്ന് ആശുപത്രിവിടും. ഡിസ്ചാർജ് ചെയ്യുന്നതിന്റെ നടപടിക്രമങ്ങൾക്ക് വേണ്ടി ആശുപത്രിയിലെത്തിയ ഭാര്യ കരീന കപൂറിന്റെയും മകൾ സാറാ അലി ഖാന്റെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അന്തിമ പരിശോധനങ്ങൾ നടത്തിയ ശേഷമായിരിക്കും ഡിസ്ചാർജ് ചെയ്യുക.
സെയ്ഫിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കഴിഞ്ഞ ദിവസം ഡോക്ടർമാർ അറിയിച്ചിരുന്നു. ആശുപത്രിവിട്ടാലും പൂർണമായും സുഖപ്പെടാൻ കുറച്ചുകൂടി സമയം വേണമെന്നും വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.















