ടൊവിനോ തോമസ് നായകനാകുന്ന പുത്തൻ ചിത്രം നരിവേട്ടയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടൊവിനോയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. ടൊവിനോയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്ലുക്ക് പുറത്തെത്തിയത്.
“ഒന്നുകിൽ വേട്ടക്കാരനാവുക അല്ലെങ്കിൽ വേട്ടയാടപ്പെടുക. എന്താണ് വേണ്ടതെന്ന് നിങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്. വേട്ട ഇവിടെ ആരംഭിക്കുന്നു. എന്റെ സ്പെഷ്യൽ ദിവസത്തിൽ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി” -എന്നാണ് പോസ്റ്റർ പങ്കുവച്ചുകൊണ്ട് ടൊവിനോ കുറിച്ചത്.
പ്രേക്ഷകർക്ക് ആകാംക്ഷയൊരുക്കുന്ന പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ജേതാവ് അബിൻ ജോസഫ് തിരക്കഥ രചിച്ച് നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നരിവേട്ട.
സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ, ആര്യ സലീം, റിനി ഉദയകുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങൾ ചെയ്യുന്നത്.