കൊല്ലം: ജീവനക്കാരുടെ പണിമുടക്കിന്റെ ഭാഗമായി കൊല്ലം കളക്ടറേറ്റിന്റെ മുന്നിൽ കെട്ടിയ സമരപന്തൽ പൊലീസ് പൊളിച്ചു. സിപിഐ സംഘടനയായ ജോയിന്റ് കൗൺസിലിന്റെ പന്തലാണ് പൊളിച്ചു നീക്കിയത്. വഴി തടസപ്പെടുത്തി പന്തൽ കെട്ടരുതെന്ന ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പൊലീസ് നടപടി.
നേരത്തെ തിരുവനന്തപുരം വഞ്ചിയൂരിലും സെക്രട്ടേറിയറ്റിനുമുന്നിലും വഴിയടച്ച് സ്റ്റേജ് കെട്ടി സമ്മേളനങ്ങൾ നടത്തിയ സിപിഎമ്മിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. പൊതുജനത്തെ വലച്ചുള്ള ഇത്തരം അനധികൃത പന്തലുകൾ പൊളിച്ചുനീക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
കളക്ടറേറ്റിന്റെ പ്രധാന കവാടത്തിന് എതിർവശത്താണ് ജോയിന്റ് കൗൺസിൽ പന്തൽ ഒരുക്കിയത്. പന്തൽ പൊളിച്ച് നീക്കിയതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. പൊലീസ് നടപടി സമരം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ജോയിന്റ് കൗൺസിൽ ആരോപിച്ചു. സ്ഥിരമായി സമരപ്പന്തൽ കെട്ടുന്ന സ്ഥലത്താണ് തങ്ങളും കെട്ടിയതെന്നാണ് ജോയിന്റ് കൗൺസിലിന്റെ വാദം. എന്നാൽ പൊതുജനങ്ങളുടെ വഴിമുടക്കിയുള്ള സമരം അനുവദിക്കില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.
ശമ്പള വർദ്ധന,ഡിഎ കുടിശിക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ഒരു വിഭാഗം സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിപക്ഷ സംഘടനയായ SETO, സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സിപിഐ സംഘടനയായ ജോയിന്റ് കൗൺസിൽ എന്നിവരാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.