താഴെ ചരക്കുവാഗണുകളും മുകളിൽ യാത്രാ കോച്ചുകളോടും കൂടിയ ഡബിൾ ഡക്കർ ട്രെയിൻ നിർമിക്കാൻ റെയിൽവേ. ട്രെയിനിന്റെ രൂപകൽപന പ്രധാനമന്ത്രി അംഗീകരിച്ചെങ്കിലും അന്തിമഘട്ട വിശാദംശങ്ങൾ തയ്യാറാക്കുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്ത്യൻ റെയിൽവേയുടെ ചരക്ക് വരുമാന അടിത്തറ വൈവിധ്യവത്കരിക്കുന്നതിന് വഴിയൊരുക്കും. നിലവിൽ റോഡ് ഗതാഗതത്തെ ആശ്രയിക്കുന്ന പാഴ്സലുകളും ഇ-കൊമേഴ്സ് ഷിപ്പ്‌മെൻ്റുകളും ഇനി ഡബിൾ ഡക്കൽ ട്രെയിൻ വഴി കയറ്റി അയക്കാനാകും. വിവിധ സ്ഥലങ്ങളിൽ നിന്ന് തുറമുഖങ്ങളിലേക്കാകും ട്രെയിൻ സർവീസ് നടത്തുക. കപൂർത്തല കോച്ച് ഫാക്ടറിയിലാണ് ട്രെയിന്റെ മാതൃക നിർമിക്കുക. പത്ത് കോച്ചുകളാകും നിർമിക്കുക.
റെയിൽവേയുടെ ചരക്ക് വരുമാനത്തിന്റെ 60 ശതമാനവും കൽക്കരി, ഇരുമ്പയിര് എന്നിവയിൽ നിന്നാണ് ലഭിക്കുന്നത്. 2030-ഓടെ 3,000 ദശലക്ഷം ടൺ ചരക്ക് ഗതാഗതമെന്നതാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. പാഴ്സൽ കയറ്റുമതി ഉൾപ്പെടെ മെച്ചപ്പെടുത്താനാണ് പദ്ധതി.















