തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി കിടന്നുറങ്ങിയ മൂന്ന് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. കുവൈറ്റിലാണ് അപകടമുണ്ടായത്. തമിഴ്നാട് മംഗൽപേട്ട് സ്വദേശികളായ മുഹമ്മദ് യാസിൻ(31), മുഹമ്മദ് ജുനൈദ്(45) എന്നിവർക്കൊപ്പം ഒരു രാജസ്ഥാൻ സ്വദേശിയും മരിച്ചു. നാലുപേരാണ് മുറിയിലുണ്ടായത്. മറ്റൊരു തമിഴ്നാട്ടുകാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
വീട്ടുജോലിക്കാരാണ് ഇവർ. അബോധാവസ്ഥയിലായ ഇയാൾ അപകട നില തരണം ചെയ്തിട്ടില്ല. വഫ്ര മേഖലയിലാണ് ദാരുണ സംഭവമുണ്ടായത്. ഇവിടെ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. സ്പോൺസറുടെ തോട്ടത്തിൽ ടെന്റിനരികിലിരുന്ന് തീ കാഞ്ഞ ശേഷം താമസ സ്ഥലത്തേക്ക് പോയപ്പോൾ ഈ തീക്കനലും ഇവർ കൊണ്ടുപോയി. താമസയിടത്ത് തീ കൂട്ടിയ ശേഷം കിടന്നുറങ്ങുകയായിരുന്നു. ഇതിനിടെ പുക മുറിയിലാകെ നിറഞ്ഞു. കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണ കാരണമെന്നാണ് നിഗമനം.