റായ്പൂർ: പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് വധശിക്ഷ വിധിച്ച് കോടതി. 16-കാരിയെ പീഡിപ്പിച്ചുകൊന്ന പ്രതികൾ, ഇരയുടെ വീട്ടുകാരെയും കൊലപ്പെടുത്തിയിരുന്നു. അതിക്രൂരമായ കൊലപാതക പരമ്പര നടന്നത് 2021ലാണ്. ഛത്തീസ്ഗഡിലായിരുന്നു സംഭവം. കേസ് പരിഗണിച്ച കോർബ അതിവേഗ പ്രത്യേക കോടതി പ്രതികൾക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. അഞ്ച് പ്രതികൾക്ക് വധശിക്ഷയും ഒരാൾക്ക് ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്.
അഡീഷണൽ സെഷൻസ് ജഡ്ജ് മമത ഭോജ്വാനിയുടേതാണ് ഉത്തരവ്. സന്ത്രം മഝ്വാർ (49), അബ്ദുൾ ജബ്ബാർ (34), അനിൽ കുമാർ സാർതി (24), പർദേശി റാം (39), ആനന്ദ് റാം പനിക (29) എന്നിവർക്കാണ് വധശിക്ഷ. മറ്റൊരു പ്രതിയായ ഉമാശങ്കർ യാദവിന് (26) ജീവപര്യന്തവും വിധിച്ചു.
2021 ജനുവരി 29നായിരുന്നു സംഭവം നടന്നത്. 16കാരിയെ പീഡിപ്പിച്ച പ്രതികൾ കല്ലുകൊണ്ട് അടിച്ചുകൊന്ന ശേഷം മൃതദേഹം വനമേഖലയിൽ ഉപേക്ഷിച്ചു. പെൺകുട്ടിയെ ആക്രമിക്കുന്നതിന് മുൻപ് കുട്ടിയുടെ മുത്തച്ഛനെയും (60) നാല് വയസുള്ള കൊച്ചുമകളെയും പ്രതികൾ കൊലപ്പെടുത്തിയിരുന്നു. 60-കാരന്റെ മകൻ നൽകിയ പരാതിയെ തുടർന്ന് പൊലീസ് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കേസിലെ മുഖ്യപ്രതിയായ സന്ത്രം മഝ്വാർ വിവാഹിതനാണ്. 16-കാരിയിൽ ആകൃഷ്ടനായ ഇയാൾ പെൺകുട്ടിയോട് തന്റെ രണ്ടാം ഭാര്യയാകാൻ ആവശ്യപ്പെട്ടു. പെൺകുട്ടിയും വീട്ടുകാരും ഈ ആവശ്യം നിരസിച്ചു. ഇതിനെ തുടർന്നാണ് കുട്ടിയേയും കുടുംബാംഗങ്ങളായ രണ്ടുപേരെയും കൊലപ്പെടുത്തിയത്. കുറ്റകൃത്യം ചെയ്യുന്നതിനായി സുഹൃത്തുക്കളെയും ഒപ്പം കൂട്ടുകയായിരുന്നു ഇയാൾ.















