മലപ്പുറം: മലപ്പുറം ഊർങ്ങാട്ടിരിയിൽ കാട്ടാന കിണറ്റിൽ വീണു. കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. വനംവകുപ്പും പോലീസും ചേർന്ന് ആനയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കാട്ടാന കൂട്ടത്തിനൊപ്പം വന്ന ആനയാണ് കിണറ്റിൽ വീണത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് ആനക്കൂട്ടം കൃഷിയിടത്തിലേക്ക് ഇറങ്ങിയതെന്ന് പ്രദേശവാസികൾ പറയുന്നു. ഇവ കൃഷിയിടത്തിലുണ്ടായിരുന്ന വാഴ, കപ്പ തുടങ്ങിയ വിളകൾ നശിപ്പിക്കുകയും ചെയ്തു. ഉടമസ്ഥൻ സണ്ണി ഉൾപ്പെടയുള്ള പ്രദേശവാസികൾ ബഹളമുണ്ടാക്കി ആനകളെ വനത്തിനുള്ളിലേക്ക് തിരികെ അയക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒരാന കിണറ്റിൽ വീണത്.
വെള്ളമുള്ള കിണറ്റിലാണ് കാട്ടാന വീണിരിക്കുന്നത്. വനം വകുപ്പിന്റെയും പൊലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു. അതിനാൽ കാട്ടാനയെ മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് കൊണ്ടുപോകണമെന്നാണ് ജനങ്ങളുടെ ആവശ്യം.