മുംബൈ: സെയ്ഫ് അലി ഖാനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് നടനെ ആശുപത്രിയിലെത്തിച്ച ഓട്ടോഡ്രൈവർ ഭജൻ സിംഗ് റാണ. പാരിതോഷികം പ്രതീക്ഷിച്ചല്ല സെയ്ഫിനെ സഹായിച്ചതെന്നും കൃത്യസമയത്ത് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ഭജൻ സിംഗ് പറഞ്ഞു.
ആശുപത്രി വിടുന്നതിന് മുമ്പ് ഭജൻ സിംഗ് സെയ്ഫിനെ സന്ദർശിച്ചിരുന്നു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതിന് ചെറിയൊരു തുകയും സെയ്ഫ് നൽകിയിരുന്നു. എന്നാൽ ഇതിനെ കുറിച്ച് പറയാൻ ഭജൻ സിംഗ് തയാറായിരുന്നില്ല. ഇതേകുറിച്ച് പുറത്തുപറയില്ലെന്ന് സെയ്ഫിന് വാക്ക് കൊടുത്തിട്ടുണ്ടെന്നും താൻ അതിൽ തന്നെ ഉറച്ചുനിൽക്കുമെന്നും ഭജൻ സിംഗ് പറഞ്ഞു.
“ആളുകൾ പല തരത്തിലുള്ള ഊഹാപോഹങ്ങൾ പറയുന്നു. 50,000 രൂപയോ 10,000 രൂപയോ തന്നുവെന്ന് ആളുകൾ പറയട്ടെ. എന്നാലും അതേ കുറിച്ച് പറയാൻ എനിക്ക് താത്പര്യമില്ല. ഇതിനെ കുറിച്ച് ആരോടും പറയരുതെന്ന് അദ്ദേഹം എന്നോട് അഭ്യർത്ഥിച്ചതാണ്. ആരോടും പറയില്ലെന്ന് ഞാൻ അദ്ദേഹത്തിന് വാക്ക് കൊടുത്തു. അത് എന്നും ഞങ്ങൾക്കിടയിലുള്ള രഹസ്യമായിരിക്കുമെന്നും” ഭജൻ സിംഗ് പറഞ്ഞു.
15 വർഷമായി ഞാൻ ഓട്ടോ ഓടിക്കുന്നു. പക്ഷേ ഒരു സെലിബ്രിറ്റികളും എന്റെ ഓട്ടോയിൽ കയറിയിട്ടില്ല. എന്നാൽ ഈ സംഭവത്തിന് ശേഷം എന്റെ ജീവിതം മാറിയതായി തോന്നുന്നു. ഇപ്പോൾ പല ആളുകൾക്കും തന്നെ അറിയാമെന്നും ഭജൻ സിംഗ് പറഞ്ഞു.















