ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ഗൾഫ് – സിംഗപ്പൂർ മേഖലകളിലേക്കുള്ള അന്താരാഷ്‌ട്ര യാത്രക്കാർക്ക് കൂടുതൽ സൗജന്യ ചെക്ക്–ഇൻ ബാഗേജ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. യുഎഇ അടക്കം ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇനിമുതൽ 30 കിലോ ചെക്ക്–ഇൻ ബാഗേജും 7 കിലോ ഹാൻഡ് ബാഗേജും കൊണ്ടുപോകാം.
എയർ ഇന്ത്യാ എക്സ്പ്രസിൽ ഗൾഫ് – സിംഗപ്പൂർ മേഖലകളിലേക്കുള്ള യാത്രക്കാർക്ക് സൗജന്യമായി 30 കിലോ ചെക്ക്–ഇൻ ബാഗേജ് കൊണ്ടുപോകാം. ഏഴ് കിലോ സൗജന്യ ഹാൻഡ് ബാഗിന് പുറമേയാണിത്. എല്ലാ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും സിംഗപ്പൂരിലേക്കും ഇതേ അളവിൽ ബാഗേജ് കൊണ്ടുപോകാമെന്നും എയർഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.
ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്കായി എക്സ്പ്രസ് ലൈറ്റ് എന്ന പേരിൽ കുറഞ്ഞ നിരക്കിൽ പുതിയ ടിക്കറ്റും അവതരിപ്പിച്ചിട്ടുണ്ട്. എക്സ്പ്രസ് ലൈറ്റ് ടിക്കറ്റുകാർക്ക് 3 കിലോ സൗജന്യ ഹാൻഡ് ബാഗേജ് കയ്യിൽ കരുതാം. ലൈറ്റ് ടിക്കറ്റ് എടുത്തശേഷം പിന്നീട് ബാഗേജ് കൂട്ടാനും അവസരമുണ്ട്. രാജ്യാന്തര യാത്രക്കാർക്കു കൂടുതൽ പണം നൽകി 20 കിലോ വരെ അധിക ചെക്ക്–ഇൻ ബാഗേജും എടുക്കാം.
ഇന്ത്യയിലെ 19 നഗരങ്ങളിൽ നിന്ന് ഗൾഫിലെ 13 ഇടങ്ങളിലേക്കായി ആഴ്ചതോറും 450 വിമാന സർവീസുകളാണ് എയർഇന്ത്യ എക്‌സ്പ്രസിനുള്ളത്. ചെന്നൈ, മധുരൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്നും സിംഗപ്പൂരിലേക്ക് ആഴ്ച തോറും 26 വിമാന സർവീസുകളുമുണ്ട്.