പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിയാക്കി എമ്പുരാൻ ടീം. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കുന്നത്. എന്നാലിതാ, ചിത്രത്തിന്റെ ടീസർ എന്ന്, എപ്പോൾ എത്തുമെന്ന ചോദ്യത്തിന് വിരാമമിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിൽ വൈകിട്ട് 7.07 മണിക്കാണ് ടീസർ എത്തുന്നത്.
എമ്പുരാന്റെ പുതിയ പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്. പുകപടലങ്ങൾക്കിടയിലൂടെ ചീറിപാഞ്ഞ് വരുന്ന കാറുകളാണ് പോസ്റ്ററിലുള്ളത്. പൃഥ്വിരാജ്, മോഹൻലാൽ, ടൊവിനോ തോമസ്, മഞ്ജു വാര്യർ തുടങ്ങിയ താരങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുതിയ വിവരം പങ്കുവച്ചരിക്കുന്നത്.
പോസ്റ്റിന് പിന്നാലെ ആരാധകരുടെ അഭിപ്രായങ്ങളും ആശംസകളും കൊണ്ട് നിറയുകയാണ് കമൻ്റ് ബോക്സ്. “ഇതൊരു ഒന്നൊന്നര സംഭവമായിരിക്കും, കാത്തിരിക്കാൻ വയ്യ, തിയേറ്റർ കത്തിക്കാൻ രാജുവും പിള്ളേരും വരുന്നു, ബ്ലോക്ക് ബസ്റ്ററാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല” – എന്നിങ്ങനെയാണ് ആളുകൾ കുറിക്കുന്നത്.
മാർച്ച് 27 നാണ് എമ്പുരാൻ തിയേറ്ററുകളിലെത്തുന്നത്. സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാനിൽ നിരവധി സസ്പെൻസുകൾ ഒളിച്ചുവച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ലൂസിഫറിലെ ഖുറേഷി എബ്രഹാം എങ്ങനെ സ്റ്റീഫൻ നെടുമ്പള്ളിയായി എന്നതിനെ കുറിച്ചായിരിക്കും എമ്പുരാൻ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുക.















