തിരുവനന്തപുരം: കഠിനംകുളം ആതിരാ കൊലക്കേസിൽ പ്രതി ജോൺസണിന്റെ നിർണായക മൊഴി പുറത്ത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആതിര തന്നെ ഒഴിവാക്കുമെന്ന് തോന്നിയപ്പോഴാണ് കൊലപ്പെടുത്തിയതെന്ന് ജോൺസൺ കുറ്റസമ്മതം നടത്തി.
കൃത്യം നടന്ന ദിവസം രാവിലെ പെരുമാതുറയിലെ ലോഡ്ജ് മുറിയിൽ നിന്ന് ആതിരയുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശത്തേക്ക് ജോൺസണെത്തിയിരുന്നു. ഭർത്താവും മകനും പുറത്തുപോകുന്നതുവരെ പ്രദേശത്ത് ചുറ്റിത്തിരിഞ്ഞ് നിന്ന ജോൺസൺ വീട്ടിൽ മറ്റാരുമില്ലെന്ന് ഉറപ്പിച്ച സമയത്താണ് ചെന്നുകയറിയത്. കുട്ടിയെ ആതിര സ്കൂൾ ബസ് കയറ്റി വിടുന്ന സമയം വരെ പതുങ്ങി നിൽക്കുകയായിരുന്നുവെന്നും പൊലീസിന് ജോൺസൺ മൊഴി നൽകി.
വീട്ടിലെത്തി ആതിരയെ കണ്ടതിന് ശേഷം ചായ ചോദിച്ചു. ചായ തിളപ്പിക്കാനായി ആതിര അടുക്കളയിൽ പ്രവേശിച്ച സമയത്ത് കയ്യിൽ കരുതിയ കത്തി കട്ടിലിലെ മെത്തയ്‌ക്കടിയിൽ ഒളിപ്പിച്ചു. ചായയുമായി വന്നപ്പോൾ ആതിരയെ കട്ടിലിലേക്ക് ക്ഷണിക്കുകയും സ്നേഹത്തോടെ ഇടപെടുന്നതിനിടെ യുവതിയുടെ കഴുത്തിൽ കത്തി കത്തിയിറക്കുകയുമായിരുന്നു.
കൊല നടത്തിയതോടെ പ്രതി ധരിച്ചിരുന്ന വസ്ത്രത്തിൽ ചോരപുരണ്ടപ്പോൾ ആതിരയുടെ ഭർത്താവിന്റെ ഷർട്ട് ധരിച്ച് പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു പ്രതി. ആതിരയുടെ സ്കൂട്ടറെടുത്താണ് പോയത്. രാവിലെ ഒമ്പത് മണിക്ക് ആതിരയുടെ വീട്ടിലെത്തുകയും 9.30ഓടെ കൃത്യം നടത്തി കടന്നുകളയുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. ആതിരയെ കൊന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു ജോൺസണിന്റെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കഠിനംകുളത്ത് ആതിരയെന്ന വീട്ടമ്മയെ ഇൻസ്റ്റഗ്രാം സുഹൃത്ത് വീട്ടിൽ കയറി കൊലപ്പെടുത്തിയത്. പൂജാരിയായ ഭർത്താവ് വീട്ടിൽ തിരിച്ചുവന്നപ്പോഴാണ് ആതിര മരിച്ചുകിടക്കുന്നത് കാണാനിടയായത്. സംഭവത്തിൽ പ്രതി ജോൺസണെ പൊലീസ് പിടികൂടുകയും ചെയ്തു. പ്രതി എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതിനാൽ ആശുപത്രിയിൽ ചികിത്സയിലാണ്.