ഇന്ത്യൻ 2 വിന്റെ ക്ഷീണം തീർക്കാൻ ഷങ്കർ രാം ചരണിനെ നായകനാക്കി ഒരുക്കിയ ചിത്രം ഗെയിം ചേഞ്ചർ ഒടിടിയിലേക്ക്. തിയേറ്ററിൽ മോശം പ്രതികരണം ലഭിച്ച ചിത്രം ജനുവരി 10-നാണ് റിലീസ് ചെയ്തത്. അഴിമതിക്കെതിരെ പടപൊരുതുന്ന നായകനെന്ന വാർപ്പ് മാൃതകയിലാണ് ഷങ്കർ ചിത്രമൊരുക്കിയത്. സ്വന്തം പാറ്റേൺ അതേപടി പിന്തുടർന്ന ഷങ്കറിന് വീണ്ടും അടിതെറ്റുകയായിരുന്നു.
കിയാര അദ്വാനി, എസ്.ജെ സൂര്യ, അഞ്ജലി, ശ്രീകാന്ത്, ജയറാം,സമുദ്രകനി, നരേഷ്, വെണ്ണല കിഷോർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദിൽ രാജു ആണ് ചിത്രം നിർമിച്ചത്. മുടക്കുമുതൽ പോലും തിരിച്ചുപിടിക്കാനാകാതെ ചിത്രം തിയേറ്ററിൽ തകർന്നടിയുകയായിരുന്നു.
450 കോടിയോളം രൂപയുടെ മുതൽ മുടക്കിലെത്തിയ ചിത്രത്തിന് 150 കോടി രൂപയോളമാണ് ഇതുവരെ നേടാനായത്.ആമസോൺ പ്രൈം ആയിരിക്കുന്നു ഗെയിം ചേഞ്ചർ ഒടിടിയിൽ സ്ട്രീം ചെയ്യുക. ഫെബ്രുവരി 14-നാകും ചിത്രം ഓൺലൈനിൽ എത്തുകയെന്നാണ് സൂചന. ഇതിന്റെ ഒരു പ്രൊമോ ആമസോൺ പങ്കുവച്ചിട്ടുണ്ട്.















