വയനാട്: മാനന്തവാടി പഞ്ചാര കൊല്ലിയിൽ കടുവ കടിച്ചുകീറി കൊലപ്പെടുത്തിയ രാധയെന്ന സ്ത്രീ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം മിന്നുമണിയുടെ അടുത്ത ബന്ധു. താരമാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകണമെന്ന് ഇന്ത്യൻ താരം ആവശ്യപ്പെട്ടു. മിന്നുമണിയുടെ അമ്മാവന്റെ ഭാര്യയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഇന്നു രാവിലെ പതിനൊന്നു മണിയോടെയാണു കാപ്പി പറിക്കാൻ പോയ ആദിവാസി യുവതിയായ രാധയെ കടുവ കൊന്നത്. വനത്തോട് ചേർന്ന പ്രദേശത്ത് നിന്ന് തണ്ടർബോൾട്ടാണ് മൃതദേഹം കണ്ടെത്തുന്നത്. കടുവയെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും മിന്നുമണി ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റ്
വളരെ ഞെട്ടിക്കുന്ന വാർത്തയാണ്. അൽപ്പം മുമ്പ് കേൾക്കാൻ ഇടയായത്. വയനാട് പഞ്ചാരക്കൊല്ലിയിൽ ഉണ്ടായ കടുവയുടെ ആക്രമത്തിൽ മരണപ്പെട്ടത് എന്റെ അമ്മാവന്റെ ഭാര്യയാണ്….അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുമെന്ന് പ്രതീക്ഷിക്കുന്നു….ആത്മാവിന് നിത്യശാന്തി നേരുന്നു മിന്നുമണി….