കൊല്ലം: 14 കാരിയെ വീടുകയറി ആക്രമിച്ച 52 കാരൻ പൊലീസ് പിടിയിൽ. ചടയമംഗലം അയ്യപ്പൻകുന്ന് സ്വദേശി ശ്രീകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16-ാം തീയതിയാണ് ഇയാൾ പെൺകുട്ടിയെ വീട്ടിൽ കയറി മർദ്ദിച്ചത്.
ഒരുമാസം മുൻപ് ശ്രീകുമാറിനെതിരെ പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാൾ പെൺകുട്ടിയെയും സഹോദരിയെയും അസഭ്യം പറഞ്ഞതിനാണ് പരാതി നൽകിയത്. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി കുട്ടിയെ ആക്രമിച്ചത്. മദ്യലഹരിയിലെത്തിയ ഇയാൾ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ മർദ്ദിക്കുകയായിരുന്നു.
പ്രതി മുടിക്ക് കുത്തിപ്പിടിച്ച് അടിക്കുകയും നിലത്ത് തള്ളിയിട്ട് ചവിട്ടുകയും ചെയ്തതായി പെൺകുട്ടി പൊലീസിന് മൊഴി നൽകി. കുടുംബം ചടയമംഗലം പൊലീസിന് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.















