മുംബൈയെ ഞെട്ടിച്ച് ഭണ്ഡാര ജില്ലയിലെ ആയുധ നിർമാണ ശാലയിലെ സ്ഫോടനം. നഗ്പൂരിന് സമീപമാണ് ഇന്ന് രാവിലെ പൊട്ടിത്തെറിയുണ്ടായത്. എട്ട് തൊഴിലാളികൾ മരിക്കുകയും ഏഴുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരി മരണങ്ങൾ സ്ഥിരീകരിച്ചു.
രാവിലെ 10.30ന് എൽടിപി സെക്ഷനിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് കളക്ടർ സഞ്ജയ് കോൽടെ പറഞ്ഞു.13-14 പേരാണ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഫോടനത്തിന്റെ ശബ്ദം അഞ്ചു കിലോമീറ്ററോളം ദൂരം കേട്ടെന്നും സൂചനയുണ്ട്. പ്രദേശത്താകെ പുകപടലങ്ങൾ നിറഞ്ഞിരിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
അപകടത്തിന് പിന്നാലെ അഗ്നിരക്ഷ-മെഡിക്കൽ സംഘങ്ങൾ സ്ഥലത്തേക്ക് പാഞ്ഞെത്തി രക്ഷാപ്രവർത്തനം നടത്തി. ഫാക്ടറിയുടെ മേൽക്കൂര പൊട്ടിത്തെറിയിൽ തകർന്നു. ഭണ്ഡാര ഫാക്ടറിയിലെ പൊട്ടിത്തെറിയിലും തൊഴിലാളികളുടെ ജീവൻ നഷ്ടമായതിലും അതിയായ ദുഃഖമുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.