ജനുവരി 19 ന് സംപ്രേക്ഷണം ചെയ്ത 2025 ലെ തന്റെ ആദ്യ മൻ കി ബാത്തിൽ അസമിന്റെ ‘ഹാതി ബോന്ധു’ സംരംഭത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചിരുന്നു. ഇത് പദ്ധതിയെ ദേശീയ ശ്രദ്ധയിലെത്തിച്ചു. മനുഷ്യ-വന്യജീവി സംഘർഷം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമായാണ് മോദി ‘ഹാതി ബോന്ധു’വിനെ വിശേഷിപ്പിച്ചത്. അസമിലെ നാഗോണിലും കർബി ആംഗ്ലോങ്ങിലും മനുഷ്യനും ആനയും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിൽ പദ്ധതി വലിയ പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു.
ഗുവാഹത്തിയിൽ നിന്നുള്ള 90 വയസ്സുള്ള പ്രകൃതിസ്നേഹി പ്രദീപ് ഭൂയാനും നാഗോണിലെ പ്രാദേശിക പ്രവർത്തകനായ ബിനോദ് ദുലു ബോറയും ചേർന്ന് 2018-ലാണ് ‘ഹാതി ബോന്ധു’വിന് തുടക്കമിട്ടത്. കൃഷിനാശവും ആളപായവും തടയാൻ ഗ്രാമവാസികൾ ആനകൾക്ക് ഭക്ഷണം നൽകുന്നതിന് പ്രത്യേക ഇടങ്ങൾ സൃഷ്ടിച്ചു. നാഗോൺ, കാർബി ആംഗ്ലോംഗ് ജില്ലകളിലെ 30 ഹെക്ടർ സ്വകാര്യ ഭൂമിയിൽ ആനകൾക്ക് പ്രത്യേക ഭക്ഷണ സ്രോതസ്സായി നേപ്പിയർ പുല്ല് നട്ടുപിടിപ്പിച്ചു. ഇപ്പോൾ 800-ലധികം ബിഘാസ് (ഏകദേശം 266 ഏക്കർ) ഫലഭൂയിഷ്ഠമല്ലാത്ത തരിശു ഭൂമി ആനകളുടെ തീറ്റ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു.
ആനയുടെ പെരുമാറ്റത്തെ സൂക്ഷ്മമായി മനസിലാക്കിയതാണ് ഹാതി ബോന്ധു സംഘടനയുടെ വിജയം. നാഗോൺ-കർബി ആംഗ്ലോംഗ് അതിർത്തിയിൽ നടത്തിയ നിരീക്ഷണത്തിലൂടെ ആനകൾ കർബി കുന്നുകളിൽ നിന്ന് മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാൻ ഉപയോഗിക്കുന്ന പ്രധാന വഴികൾ സംഘം തിരിച്ചറിഞ്ഞു. ഇത് തടയാൻ ഈ വഴികളിലുടനീളം ഭക്ഷ്യവിളകൾ നട്ടുപിടിപ്പിച്ചു. ആവശ്യത്തിന് ഭക്ഷണവും വെള്ളവും സുരക്ഷയും ലഭിക്കുന്ന ഈ പ്രദേശങ്ങളിലേക്കാണ് ആനകൾ ഇപ്പോൾ ആകർഷിക്കപ്പെടുന്നത്. ഇത് അവരെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് അകറ്റുകയും കർഷകർക്ക് അവരുടെ വിളകൾ ഭയമില്ലാതെ വിളവെടുക്കാൻ അനുവദിക്കുകയും ചെയ്യുന്നു.
ഒരിക്കൽ കാട്ടാന ആക്രമണങ്ങളുടെ ഹോട്ട്സ്പോട്ടായിരുന്ന ഈ പ്രദേശത്ത് കഴിഞ്ഞ എട്ട് വർഷമായി ഒരു അക്രമണ സംഭവവും റിപ്പോർട്ട് ചെയ്തിട്ടില്ല. ദീർഘകാലമായി നെൽകൃഷി ഉപേക്ഷിച്ചിരുന്ന കർഷകർ ഇപ്പോൾ എല്ലാവിളകളും കൃഷി ചെയ്യുന്നു. ഒരുവശത്ത് ആനകൾ നേപ്പിയർ പുല്ല് കഴിക്കുമ്പോൾ മറുവശത്ത് കർഷകർ തങ്ങളുടെ വിളവെടുപ്പ് നടത്തുന്ന അപൂർവ മനുഷ്യ-വന്യമൃഗ സഹവർത്തിത്വമാണ് പദ്ധതിയിലൂടെ സാധ്യമായത്.















