ന്യൂഡൽഹി: ഇന്ത്യയിലെത്തിയ ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തി. റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാനെത്തിയതാണ് ഇന്തോനേഷ്യൻ പ്രസിഡൻ്റ്.
ഭാരതത്തിന്റെ ആദ്യത്തെ റിപ്പബ്ലിക് ദിനത്തിൽ അതിഥിയായെത്തിയത് ഇന്തോനേഷ്യൻ പ്രസിഡൻ്റായിരുന്നുവെന്ന് പ്രധാനമന്ത്രി ഓർമിച്ചു. ഭാരതം റിപ്പബ്ലിക് ആയതിന്റെ 75-ാം വാർഷികത്തിൽ, ഇന്തോനേഷ്യൻ പ്രസിഡൻ്റ് തന്നെ മുഖ്യാതിഥിയായി എത്തുന്നത് അഭിമാനകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ചരിത്രപ്രധാനമായ വേളയിൽ ഇന്തോനേഷ്യ വീണ്ടും പങ്കാളിയായതിൽ അഭിമാനമുണ്ടെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. ഇന്തോനേഷ്യക്ക് പുറത്തൊരു രാജ്യത്ത് ആദ്യമായാണ് ഇന്തോനേഷ്യൻ സൈന്യം മാർച്ച് ചെയ്യാനൊരുങ്ങുന്നത്. ഇന്തോഡോനേഷ്യയുടെ മാർച്ചിംഗ് സംഘം റിപ്പബ്ലിക് ദിന പരേഡിൽ മാർച്ച് ചെയ്യുന്നത് കാണാനുള്ള ആകാംക്ഷയിലാണ് രാജ്യം- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
2018-ലെ ഇൻഡോനേഷ്യൻ സന്ദർശനവും പ്രധാനമന്ത്രി സ്മരിച്ചു. സമഗ്ര തലത്തിലുള്ള സഹകരണത്തിന് അന്നേ പ്രാധാന്യം നൽകിയിരുന്നു. ഇന്ന് പരസ്പര സഹകരണത്തിലൂന്നിയ വികസനത്തിനാണ് ലക്ഷ്യം വയ്‌ക്കുന്നത്. പ്രതിരോധ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കാൻ ധാരണയായി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഉയർന്ന തലത്തിലാണെന്നും മോദി പറഞ്ഞു. കഴിഞ്ഞ വർഷം ഉഭയകക്ഷി വ്യാപാരം 30 ബില്യൺ ഡോളർ കടന്നിരുന്നു. വ്യാപാരം ശക്തിപ്പടുത്തുമെന്നും ഇരു നേതാക്കളും ആവർത്തിച്ചു.
ഫിൻടെക്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഇൻ്റർനെറ്റ് ഓഫ് തിംഗ്സ്, അടിസ്ഥാന സൗകര്യ വികസനം, പ്രതിരോധം , നിർമാണമേഖല തുടങ്ങിയ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. വിവിധ ധാരണപത്രങ്ങളിലും ഇരു നേതാക്കൾ ഒപ്പുവച്ചു.