കൊച്ചി: സൈബർ തട്ടിപ്പ്കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ പശ്ചിമബംഗാൾ സ്വദേശി ധീരജാണ് പൊലീസ് പിടിയിലായത്. പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്ന മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഇന്ത്യയിൽ സൈബർ തട്ടിപ്പുകൾ നടത്തുന്ന പ്രധാന കണ്ണിയാണ് ധീരജെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഒരാഴ്ചയ്‌ക്കുള്ളിലാണ് മുഖ്യപ്രതി പിടിയിലായത്. തട്ടിപ്പിനിരയായ മട്ടാഞ്ചേരി സ്വദേശിയുടെ ഫോണിലേക്ക് ആധാർ അപ്‌ഡേറ്റുമായി ബന്ധപ്പെട്ട ഒരു മെസേജ് വന്നിരുന്നു. ഇതിനൊപ്പം വന്ന എപികെ ഫയൽ തുറന്നതോടെയാണ് ഇയാൾക്ക് 10 ലക്ഷം രൂപ നഷ്ടമായത്.
പരാതി ലഭിച്ച മട്ടാഞ്ചേരി പൊലീസ് ഉടൻതന്നെ അന്വേഷണം ആരംഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് രണ്ട് മലയാളികളെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇവരുടെ അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. എന്നാൽ ഇവർ അക്കൗണ്ട് ഹോൾഡർമാർ മാത്രമാണെന്നും യഥാർത്ഥത്തിൽ പണം ലഭിച്ചത് പശ്ചിമ ബംഗാൾ സ്വദേശിക്കാണെന്നും പൊലീസ് കണ്ടെത്തി. പ്രതിയെ ഉത്തർപ്രദേശിൽ നിന്നുമാണ് പിടികൂടിയത്.















