തിരുവനന്തപുരം: സംസ്ഥാനത്തും 76-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു മന്ത്രിമാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിനെത്തിയിരുന്നു. വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച ഗവർണർ തുറന്ന ജീപ്പിൽ പരേഡ് പരിശോധിച്ചു.
പൊലീസ്, എക്സൈസ്, തുടങ്ങി 15 ഓളം സേനാവിഭാഗങ്ങൾ പരേഡിൽ അണിനിരക്കും. പരേഡ് അവസാനിച്ച ശേഷം ഗവർണർ റിപ്പബ്ലിക് ദിന സന്ദേശം നൽകും. കരസേന, വ്യോമസേന, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, ഇന്ത്യ റിസർവ് ബറ്റാലിയൻ തുടങ്ങി വിവിധ സേനകളെ പ്രതിനിധീകരിച്ചുള്ള ബറ്റാലിയനുകളും പരേഡിൽ പങ്കെടുക്കുന്നുണ്ട്. ഇത് കൂടാതെ വിദ്യാർത്ഥികളുടെ വിഭാഗമായ എൻസിസി, സൈനിക് സ്‌കൂൾ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് തുടങ്ങിയവയും സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ അണിനിരക്കും.
ഇന്ത്യൻ കരസേനയുടെ മേജർ ജെ അചന്ദറാണ് പരേഡ് നയിക്കുന്നത്. പരേഡ് പരിശോധനയ്‌ക്ക് ശേഷം വിവിധ സേനാ വിഭാഗത്തിനുള്ള വിശിഷ്ട മെഡലുകളും ഗവർണർ സമ്മാനിക്കും. യുഎഇ കോൺസുലേറ്റിലുള്ള നയതന്ത്രപ്രതിനിധികളും തലസ്‌ഥാനത്തെ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.















