വയനാട്: കടുവ കടിച്ചുകൊന്ന രാധയുടെ വീട്ടിലേക്ക് പോകുമ്പോൾ ഉണ്ടായ പ്രതിഷേധ പ്രകടനങ്ങളിൽ പ്രതികരിച്ച് വനം മന്ത്രി എ. കെ ശശീന്ദ്രൻ. രാധയുടെ വീട്ടിലേക്ക് പോകുമ്പോൾ ജനങ്ങൾ അവരുടെ രോഷം പ്രകടിപ്പിച്ചു. എന്നാൽ അവിടെ നിന്നും തിരികെ വന്നപ്പോൾ ജനങ്ങൾ പ്രതികരിച്ച രീതി ചിത്രീകരിക്കാൻ ഒരു മാദ്ധ്യമങ്ങളും ഉണ്ടായിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
അടുത്തകാല ചരിത്രത്തിലൊന്നും തന്നെ ഇത്തരമൊരു ഒത്തുതീർപ്പ് ചർച്ച നടത്തിയിട്ടില്ലെന്നും ഇത്രയും ആഹ്ലാദത്തോടെ ജനങ്ങൾ പിരിഞ്ഞുപോയിട്ടില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. ഒരു കാര്യത്തിനും 100 ശതമാനം പരിഹാരം പ്രതീക്ഷിക്കരുത്. വനം വകുപ്പിലെ ഉദ്യോഗസ്ഥർ അവരുടെ പ്രവർത്തനത്തിൽ ജാഗ്രതക്കുറവ് കാണിക്കുന്നുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണമെന്നും തിരുത്താൻ തയ്യാറകണമെന്നും മന്ത്രി പറഞ്ഞു.
പഞ്ചാരക്കൊല്ലിയെ വിറപ്പിച്ച ആളെക്കൊല്ലി കടുവ തന്നെയാണ് ചത്തതെന്നും വനം മന്ത്രി വ്യക്തമാക്കി. ചത്തതാണെങ്കിലും കടുവയെ പിടികൂടാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ ആത്മാർത്ഥ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.