വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം യുഎസ് സന്ദർശിക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ മാദ്ധ്യമങ്ങളെ കണ്ട ട്രംപാണ് സന്ദർശനത്തെ കുറിച്ചുള്ള സൂചനകൾ നൽകിയത്. എന്നാൽ ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
“ തിങ്കളാഴ്ച രാവിലെ ഇന്ത്യൻ പ്രധാനമന്ത്രിയുമായി ദീർഘനേരം സംസാരിച്ചു. ഫെബ്രുവരിയിൽ മിക്കവാറും അദ്ദേഹം വൈറ്റ് ഹൗസിൽ എത്തും. ഇന്ത്യയുമായി ഞങ്ങൾക്ക് വളരെ നല്ല ബന്ധമാണുള്ളത്,” ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് വണ്ണിൽ വച്ച് ട്രംപ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ ടേമിൽ ട്രംപിന്റെ അവസാന വിദേശയാത്ര ഇന്ത്യയിലേക്കായിരുന്നു. 2019 സെപ്റ്റംബറിൽ ഹൂസ്റ്റണിൽ വെച്ചും 2020 ഫെബ്രുവരിയിൽ അഹമ്മദാബാദിൽ വെച്ചും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞ ദിവസത്തെ ഫോൺ സംഭാഷണത്തിൽ ഉഭയകക്ഷി ബന്ധവും വിഷയമായിരുന്നു. ട്രംപ് പ്രസിഡന്റ് സ്ഥാനത്ത് എത്തി ഒരാഴ്ചയ്‌ക്കു ശേഷമാണ് ഇരുവരും തമ്മിൽ ഫോണിലൂടെ സംസാരിച്ചത്.















