ലക്നൗ: വേദി തകർന്നുവീണുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചതായി റിപ്പോർട്ട്. അമ്പതോളം പേർക്ക് പരിക്കേറ്റെന്നാണ് വിവരം. യുപിയിലെ ബാഘ്പത്തിൽ ജൈനമതസ്ഥരുടെ ചടങ്ങിനിടെയാണ് അപകടമുണ്ടായത്. മുളകൊണ്ട് കെട്ടിപ്പൊക്കിയ വേദി പൂർണമായും നിലംപൊത്തുകയായിരുന്നു. ചടങ്ങിൽ പങ്കെടുക്കാൻ എത്തിച്ചേർന്നവരുടെ ദേഹത്തേക്കായിരുന്നു പതിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ ആറ് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ബറൗത്തിലെ ജൈന മതവിശ്വാസികളായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ലഡ്ഡു മഹോത്സവം എന്ന ആഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ. അപകടം സംഭവിച്ചതിന് തൊട്ടുപിന്നാലെ പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
കഴിഞ്ഞ 30 വർഷമായി പ്രദേശത്തെ ജൈന മതവിശ്വാസികൾ പ്രതിവർഷം ലഡ്ഡൂ മഹോത്സവം സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ചൊവ്വാഴ്ച രാവിലെ വിശ്വാസികൾ എത്തിച്ചേർന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് ആസ്മിത ലാൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അപകടത്തിൽ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി നിർദേശം നൽകി. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകാനും അധികൃതരെ നിർദേശിച്ചിട്ടുണ്ട്.















