പഞ്ചാരക്കൊല്ലിയിലെ രാധയുടെ ജീവനെടുത്ത നരഭോജി കടുവയുടെ ഭീതിയിൽ മാനന്തവാടിയിലെ ജനങ്ങൾ കഴിച്ചുകൂട്ടിയത് ദിവസങ്ങളോളമാണ്. വന്യജീവി ശല്യത്തിൽ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ നേർചിത്രമായി പഞ്ചാരക്കൊല്ലിയിലെ ജനങ്ങളുടെ പ്രതിഷേധം മാറി. ഒടുവിൽ ആ നാട്ടിലെ ജനങ്ങളുടെ പ്രാർത്ഥന പോലെ തന്നെ കടുവ ചത്തു. ആളെക്കൊല്ലി കടുവയുടെ സാന്നിധ്യം ഇല്ലാതായെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.
മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിലാണ് നരഭോജി കടുവ ചത്തതെന്ന നിഗമനത്തിലാണ് വനം വകുപ്പ്. അങ്ങനെയെങ്കിൽ ആ കടുവയും നാട്ടിലിറങ്ങില്ലെയെന്നാണ് പ്രദേശവാസികൾ ആശങ്കപ്പെടുന്നത്. മറ്റൊരു ആശങ്ക ഈ കടുവ എവിടെ നിന്ന് എത്തിയെന്നത് സംബന്ധിച്ചാണ്. കേരള, കർണാടക വനം വകുപ്പുകളുടെ ഡാറ്റാബേസിൽ ഇല്ലാത്ത കടുവയാണ് ആക്രമണം നടത്തിയതും പിന്നീട് ചത്തനിലയിൽ കണ്ടെത്തിയതും. ഈ കടുവ എങ്ങനെയാണ് വയനാട്ടിലെത്തിയതെന്നത് അജ്ഞാതമാണ്.
പ്രദേശത്ത് സ്ഥിരമായി അധിവസിക്കുന്ന കടുവയോ കടുവക്കൂട്ടമോ നടത്തിയ ആക്രമണത്തിലാകാം ഇത് ചത്തതെന്ന് വനം വകുപ്പ് പറയുന്നുണ്ട്. എവിടെ നിന്നോ എത്തിയ കടുവ പ്രദേശത്ത് സ്ഥിരമായി അധിവസിക്കുന്ന മറ്റൊരു കടുവയുടെ മുന്നിൽ എത്തിപ്പെട്ടിരിക്കാം. അതിന്റെ ആക്രമണത്തെ തുടർന്ന് പഞ്ചാരക്കൊല്ലിയിലേക്ക് നീങ്ങിയതാകാമെന്നാണ് നിഗമനം.
വനവാസി യുവതിയെ കൊന്ന ശേഷം കാട്ടിലേക്ക് മടങ്ങിയപ്പോൾ വീണ്ടും മറ്റ് കടുവകളുടെ പ്രദേശത്ത് എത്തിയിരിക്കാം. അവിടെ ഉണ്ടായ ആക്രമണത്തിലാകാം ഇത് ചത്തത്. കടുവയുടെ കഴുത്തിൽ കണ്ടെത്തിയ നാല് പല്ലുകളുടെ ആഴത്തിലുള്ള മുറിവ് മറ്റൊരു കടുവയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അധികം പഴക്കമില്ലാത്ത ഈ മുറിവുകളാണ് മരണകാരണമെന്നും കരുതുന്നു.
കടുവകൾ ഇണ ചേരുന്ന കാലമാണ് ഇപ്പോൾ. ഈ സമയത്ത് അപരിചിത കടുവ എത്തിയാൽ മറ്റ് കടുവകൾ കൂട്ടത്തോടെ ആക്രമിക്കുന്നത് പതിവാണ്. കടുവ ചത്തത് സംബന്ധിച്ച് ദേശീയ കടുവ സംരക്ഷണ അതോറിറ്റി വനം വകുപ്പിനോട് വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിൽ വയനാട്ടിൽ വിവിധ പ്രദേശങ്ങളിൽ വന്യജീവികളെ കണ്ടതായി ജനങ്ങൾ പറയുന്നുണ്ട്. കുറുക്കൻമൂലയിൽ കടുവയെ കണ്ടതായി പ്രദേശവാസി പറയുന്നു.















