ന്യൂഡൽഹി: ശ്രീലങ്കൻ സൈന്യത്തിന്റെ വെടിവെപ്പിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. അഞ്ച് പേർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തിന് പിന്നാലെ ശ്രീലങ്കൻ പ്രതിനിധിയെ വിദേശകാര്യമന്ത്രാലയം വിളിപ്പിച്ച് വിശദീകരണം തേടി. ശ്രീലങ്കയുടെ ആക്ടിംഗ് ഹൈക്കമ്മീഷണറെയാണ് ഇന്ത്യ വിളിപ്പിച്ചത്. ഭാരതത്തിന്റെ പ്രതിഷേധം ശ്രീലങ്കയെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. തീർത്തും അസ്വീകാര്യമായ നടപടിയാണ് ശ്രീലങ്കയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഇന്ത്യ വ്യക്തമാക്കി.
ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം നടന്നത്. ശ്രീലങ്കയുടെ ഡെൽഫ്റ്റ് ദ്വീപിന് (നെടുന്തീവ്) സമീപമെത്തിയ 13 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെയാണ് ശ്രീലങ്കൻ നാവികസേന വെടിയുതിർത്തത്. തുടർന്ന് പരിക്കേറ്റ ഇന്ത്യക്കാരെ ജാഫ്ന ടീച്ചിംഗ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ജാഫ്നയിലുള്ള ഇന്ത്യൻ കോൺസുലേറ്റിലെ അധികൃതർ മത്സ്യത്തൊഴിലാളികളെ സന്ദർശിക്കുകയും എല്ലാവിധ സഹായവും ഉറപ്പുനൽകുകയും ചെയ്തു. ശേഷം കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ, ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയവുമായി വിഷയം ചർച്ച ചെയ്യുകയും ആശങ്ക അറിയിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികൾ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് അവരെ വെടിയുതിർത്തതെന്നാണ് ശ്രീലങ്കൻ നേവിയുടെ അവകാശവാദം.















