എറണാകുളം: ചോറ്റാനിക്കരയിൽ പോക്സോ കേസ് അതിജീവിതയെ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ വളർത്തമ്മ. മകളെ ആൺ സുഹൃത്ത് നിരന്തരം ഉപദ്രവിച്ചിരുന്നെന്നും ഇയാളെ ഭയന്നാണ് താമസം മാറിയതെന്നും അമ്മ പറയുന്നു
മിക്കവാറും ദിവസം അയാൾ വീട്ടിൽ വരാറുണ്ട്. ആദ്യമൊന്നും ഇതറിഞ്ഞില്ല. പല പയ്യൻമാരുടെയും പേര് പറഞ്ഞ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കാറുണ്ട്. ഉപദ്രവിക്കുന്ന കാര്യം മകൾ ഒരിക്കലും സമ്മതിക്കാറില്ല. ഈ ബന്ധം ദോഷം ചെയ്യുമെന്ന് പല തവണ മകളോട് പറഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് സ്വദേശിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. യുവാവ് വീട്ടിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
യുവതിയുടെ ആൺ സുഹൃത്ത് വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നെന്നും നാട്ടുകാരെയും പ്രതി ഭീഷണിപ്പെടുത്തിയിരുന്നെന്നും വാർഡ് മെമ്പർ പറഞ്ഞു. ഇയാൾക്കെതിരെ പരിസരവാസികൾ ജനുവരി 3 ന് പൊലീസിൽ പരാതി നൽകിയിരുന്നു. മുൻ സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയാണ് പെൺകുട്ടിയുടെ വളർത്തമ്മ. നാല് വർഷം മുൻപാണ് ഇവരുടെ ഭർത്താവ് മരിച്ചത്.
ഞായറാഴ്ചയാണ് 19 കാരിയെ അവശനിലയിൽ അർദ്ധ നഗ്നയായി കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുകി പരിക്കേറ്റ നിലയിലായിരുന്നു പെൺകുട്ടി. അവശയായ പെൺകുട്ടിയുടെ മുറിവുകളിൽ ഉറുമ്പരിച്ചിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.















