റാഞ്ചി: ഝാർഖണ്ഡിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ പൊരാഹട്ട് വനത്തിനുള്ളിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ ഇപ്പോഴും സേനയുടെ തെരച്ചിൽ തുടരുകയാണ്.
ചൈബാസ ജില്ലാ പൊലീസിന്റെയും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിന്റെയും (സിആർപിഎഫ്) സംയുക്ത സംഘമാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. മിസിർ ബെസ്ര, അനൽ എന്ന പതിറാം മാജി, അസിം മൊണ്ടൽ, അൻമോൾ എന്നിവർ നേതൃത്വം നൽകുന്ന മാവോയിസ്റ്റ് സംഘത്തിലെ രണ്ടുപേരെയാണ് സേന വധിച്ചത്. ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റു. ഇയാളെ റാഞ്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയാതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ജനുവരി 22 ന് ബൊക്കാറോ ജില്ലയിലെ ജാർവ കാടുകളിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു. സോണൽ കമാൻഡർ രൺവിജയ് മഹാതോയുടെ ഭാര്യയും മാവോയിസ്റ്റ് ഏരിയ കമാൻഡറുമായ ശാന്തി ദേവി, മനോജ് ബസ്കി എന്നിവരെയാണ് വധിച്ചത്. രൺവിജയ് മഹാതോയെ ജനുവരി 21ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.















