ന്യൂഡൽഹി: ഡൽഹിയിൽ ബിജെപി സർക്കാർ രൂപീകരിച്ചാൽ സമയബന്ധിതമായി പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റുമെന്നത് മോദിയുടെ ഗ്യാരൻ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫെബ്രുവരി എട്ടിന് വോട്ടെണ്ണുമ്പോൾ ഡൽഹിയിൽ ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്നും ഇവിടെ എത്തിച്ചേർന്നിരിക്കുന്ന ജനക്കൂട്ടം അതിന്റെ പ്രതീകമാണെന്നും മോദി പറഞ്ഞു. ഗാൻദയിലെ യമുന ഖാദറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിൽ ആം ആദ്മി സർക്കാർ സമസ്ത മേഖലകളിലും അഴിമതി കാണിച്ചു. പൊതുജനാരോഗ്യം, മദ്യവിതരണം, കുടിവെള്ളം വിതരണം തുടങ്ങി സർവ മേഖലകളും ആം ആദ്മി പാർട്ടിയുടെ അഴിമതിക്ക് ഇരയായി. ഹരിയാനയിലെ ജനങ്ങൾ യമുനാ നദിയിൽ വിഷം കലർത്തി എന്ന ആരോപണം ആം ആദ്മി പാർട്ടിക്ക് എല്ലാം നഷ്ടമാകുന്നതിന്റെ വേദനയിൽ നിന്ന് ഉണ്ടായതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയിൽ നിന്ന് വരുന്ന വെള്ളം ഡൽഹിയിലെ പ്രധാനമന്ത്രി അടക്കം എല്ലാ ജനങ്ങളും കുടിക്കുന്നതാണെന്നും മോദി ഓർമിപ്പിച്ചു.
ഡൽഹിയിൽ 15 വർഷം കോൺഗ്രസ് ഭരിച്ചു. പിന്നീടുള്ള പത്തുവർഷം ആം ആദ്മി പാർട്ടിയും. ഡൽഹിയിലെ രണ്ട് തലമുറകളെ കോൺഗ്രസ്, ആം ആദ്മി സർക്കാരുകളുടെ ഭരണം നശിപ്പിച്ചിരിക്കുകയാണ്. ജനജീവിതം മെച്ചപ്പെടുത്താനുള്ള അവസരം ജനങ്ങൾ ബിജെപിക്ക് നൽകണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.