ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെതിരെ ആഞ്ഞടിച്ച് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടി20 യിലും സൂര്യ ചെറിയ സ്കോറിന് പുറത്തായിരുന്നു. രാജ്കോട്ടിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് 26 റൺസിന്റെ തോൽവി ഏറ്റുവാങ്ങുകയും ചെയ്തു. മത്സരത്തിൽ 14 റൺസ് മാത്രമാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്.
മത്സരശേഷം സൂര്യകുമാർ യാദവിന്റെ സമീപനത്തെ മൈക്കൽ വോൺ രൂക്ഷമായി വിമർശിച്ചു. ഓരോപന്തും ബൗണ്ടറിയിലെത്തിക്കാനാണ് സൂര്യകുമാർ ശ്രമിക്കുന്നതെന്നും ഇത് അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. “എല്ലാ സമയത്തും ആക്രമണോത്സുകമായിരിക്കുക എന്ന് നിങ്ങൾ പറയുമ്പോൾ, അതിന് ശരിയായ പന്ത് തെരഞ്ഞെടുക്കണം. എല്ലാ പന്തിലും ബൗണ്ടറി നേടാൻ കഴിയില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അവർ ലോക ചാമ്പ്യന്മാരാണ്. ടീമിലെ മികച്ച കളിക്കാർ ഫോമിലേക്ക് എത്തുകതന്നെ വേണം,” മൈക്കൽ വോൺ പറഞ്ഞു. ഫോം വീണ്ടെടുക്കാൻ സൂര്യകുമാർ ക്രീസിൽ കൂടുതൽ സമയം ചെലവഴിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തുടർച്ചയായ മൂന്നാം തവണയും ആർച്ചറുടെ പന്തിൽ സഞ്ജു പുറത്തായതോടെ മൂന്നാമനായാണ് സൂര്യ ക്രീസിലെത്തിയത്. ഇന്ത്യക്ക് സ്കോർബോർഡിൽ റൺസ് ആവശ്യമായിരുന്നിട്ടും ഇന്ത്യൻ ക്യാപ്റ്റൻ തകർത്തടിക്കാനുള്ള ശ്രമത്തിൽ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. തന്റെ അവസാന ഏഴ് ടി20 ഇന്നിംഗ്സുകളിൽ സൂര്യകുമാർ യാദവ് 30 റൺസ് കടന്നിട്ടില്ല. ഇന്ത്യൻ നായകന്റെ അവസാന ഏഴ് സ്‌കോറുകൾ 14, 12, 0, DNB, 1, 4, 21 എന്നിങ്ങനെയാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 8.66 ശരാശരിയിൽ 26 റൺസ് മാത്രമാണ് സൂര്യകുമാറിന് നേടാനായത്.















