വാഷിംഗ്ടൺ ഡിസി: ജൂതവിരുദ്ധതയെ പ്രതിരോധിക്കാൻ നടപടികൾ ശക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജൂതർക്കെതിരെ പ്രവർത്തിക്കുന്ന വ്യക്തികൾ, സംഘടനകൾ, ആക്ടിവിസ്റ്റുകൾ എന്നിവർക്കെതിരെ നടപടി സ്വീകരിക്കാൻ ട്രംപ് ഉത്തരവിട്ടു. സ്റ്റുഡന്റ് വിസയിൽ യുഎസിലെത്തി ഹമാസ് അനുകൂല പ്രവർത്തനങ്ങൾ നടത്തുന്ന എല്ലാവരെയും നാടുകടത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിലാണ് അമേരിക്കൻ പ്രസിഡന്റ് ഒപ്പുവച്ചിരിക്കുന്നത്.
കടുത്ത വിവേചനമാണ് ജൂത വിദ്യാർത്ഥികൾ അമേരിക്കൻ ക്യാമ്പസുകളിൽ നേരിടേണ്ടി വന്നത്. ക്ലാസ്റൂമുകൾ, ലൈബ്രറികൾ, ക്യാമ്പസിലെ മറ്റ് പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ ജൂതർക്ക് പ്രവേശനം പോലും നിഷേധിക്കപ്പെട്ടു. അവരെ ഭയപ്പെടുത്തി, ചൂഷണം ചെയ്തു, ഉപദ്രവിച്ചു, ശാരീരികമായ ഭീഷണികളും അവർ നേരിട്ടു. ജൂതവിരുദ്ധത പൂർണമായും പ്രതിരോധിക്കുക എന്നത് അമേരിക്കയുടെ നയമാണ്. അതിനായി എല്ലാവിധ നിയമവശങ്ങളും ഉപയോഗിക്കുമെന്നും ട്രംപ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നടന്ന ഹമാസ് ഭീകരാക്രണത്തിന് ശേഷം ഗാസയിൽ പൊട്ടിപ്പുറപ്പെട്ട ഇസ്രായേൽ-ഹമാസ് യുദ്ധം അമേരിക്കയിൽ വലിയ ചലനങ്ങളായിരുന്നു സൃഷ്ടിച്ചത്. യുഎസിലെ ക്യാമ്പസുകളിൽ പാലസ്തീന് വേണ്ടിയെന്ന പേരിൽ ഹമാസ് അനുകൂല പ്രകടനങ്ങളും പ്രതിഷേധങ്ങളും അരങ്ങേറി. ക്യാമ്പസുകളിലെ ജൂതവിദ്യാർത്ഥികളെ ഹമാസ് അനുകൂലികൾ അടിച്ചോടിച്ചു. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ജൂത വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന വിവേചനം പൂർണമായും ഇല്ലാതാക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.















