ന്യൂഡൽഹി: ആംആദ്മി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനെതിരെ വേറിട്ട പ്രതിഷേധവുമായി രാജ്യസഭാ എംപി സ്വാതി മാലിവാൾ. AAP ദേശീയ കൺവീനറായ കേജരിവാളിന്റെ വസതിക്ക് മുൻപിൽ മാലിന്യക്കൂമ്പാരം നിക്ഷേപിച്ചുകൊണ്ടാണ് സ്വാതി പ്രതിഷേധം രേഖപ്പെടുത്തിയത്. ഡൽഹിയിലെ മാലിന്യസംസ്കരണത്തിൽ സർക്കാർ സമ്പൂർണ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാലിവാളിന്റെ പ്രതിഷേധം. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കേജരിവാളിന്റെ കടുത്ത വിമർശകയായ സ്വാതിയുടെ നടപടി.
പ്രദേശവാസികളോടൊപ്പം വികാസ്പുരി ഏരിയയിലെ കേജരിവാളിന്റെ വസതിക്ക് മുൻപിലെത്തിയ മാലിവാൾ മാലിന്യവണ്ടിയിൽ നിന്ന് ചപ്പും ചവറുകളും കോരിയെടുത്ത് റോഡിലിട്ടു. ഡൽഹിയിലെ ഓരോ കോണിലും മാലിന്യങ്ങളാണെന്നും എന്തിനാണ് ജനങ്ങൾക്ക് ഇത്തരമൊരു ‘സമ്മാനം’ നൽകിയതെന്നും ആംആദ്മി കൺവീനറോട് സ്വാതി ചോദിച്ചു. ഡൽഹിയുടെ പ്രശ്നങ്ങളറിഞ്ഞ് അതിന് വേണ്ട നടപടികൾ കൈക്കൊള്ളാൻ കേജരിവാൾ തയ്യാറാകുന്നില്ല. ഡൽഹിയുടെ ഓരോ മുക്കിലും മൂലയിലും മാലിന്യമാണ്, റോഡുകൾ പൊളിഞ്ഞുകിടക്കുകയാണ്, അഴുക്കുചാലുകൾ നിറഞ്ഞ് കവിഞ്ഞൊഴുകയാണെന്നും മാലിവാൾ പറഞ്ഞു. ഈ പ്രതിഷേധം ഏതെങ്കിലുമൊരു പാർട്ടിക്കെതിരെയല്ല, മറിച്ച് ഡൽഹിക്ക് വേണ്ടിയാണെന്നും സ്വാതി കൂട്ടിച്ചേർത്തു.















