കടുവയുടെ മൂത്രം ആരോഗ്യത്തിന് അത്യുത്തമം എന്ന് കേട്ടാൽ ആരെങ്കിലും വിശ്വസിക്കുമോ.? എന്നാൽ വിശ്വസിക്കും ചൈനക്കാർ. കാരണം ചൈനയിലെ ഒരു മൃഗശാല സൈബീരിയൻ കടുവകളുടെ മൂത്രം ഒറ്റമൂലിയായി വില്പന നടത്തുകയാണ്. പേശി വേദനകൾ അകലുമെന്ന് പറഞ്ഞാണ് കടുവ മൂത്രം വിൽക്കുന്നത്. സിചുവാൻ പ്രവിശ്യയിലെ യാൻ ബിഫെങ്സിയ വന്യജീവി മൃഗശാലയാണ് കടുവ മൂത്രം വിപണയിലെത്തിച്ചത്. 250 ഗ്രാമിന് 50 യുവാനാണ് വില( ഏകദേശം 600 രൂപ).
കടുവ മൂത്രത്തിന്റെ ഔഷധ ഗുണങ്ങൾ ചർച്ചയാക്കിയാണ് ഇവരുടെ വില്പന. രോഗശമനത്തിന് മൂത്രം അത്യുത്തമമാണെന്നും ഇവർ പറയുന്നു. ആമവാതം, ഉളുക്ക്, പേശി വേദന എന്നിവയുടെ ചികിത്സയ്‌ക്ക് ഏറെ ഗുണം ചെയ്യുമെന്നും അധികൃതർ പറയുന്നു. ബോട്ടിലിൽ ഉത്പ്പന്നത്തെക്കുറിച്ചുള്ള വിശദാംശങ്ങളും ഇവ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും വ്യക്തമാക്കുന്നു. ആരും ഇത് കുടിക്കണമെന്ന് മൃഗശാല പറയുന്നില്ല, മറിച്ച് ബാഹ്യമായ ഉപയോഗം മാത്രമാണ് ശുപാർശ ചെയ്യുന്നത്.