ന്യൂഡൽഹി: ടാറ്റ സ്റ്റീൽ ചെസ് ടൂർണമെൻ്റിനിടെ ഇന്ത്യയുടെ ആർ വൈശാലിയുമായി ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചതിൽ ക്ഷമാപണം നടത്തി ഉസ്‌ബെക്കിസ്ഥാൻ താരം നോദിർബെക് യാകുബ്ബോവ്. സംഭവം വിവാദമായതിനുപിന്നാലെയാണ് കഴിഞ്ഞ ദിവസം ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ്മാസ്റ്റർ വൈശാലിയെ നേരിൽ കണ്ട് ക്ഷമാപണം നടത്തിയത്. സഹോദരൻ പ്രജ്ഞാനന്ദയ്‌ക്കും അമ്മയ്‌ക്കുമൊപ്പമെത്തിയ വൈശാലിക്ക് നോദിർബെക് പൂക്കളും ചോക്ലേറ്റുകളും നൽകുന്ന വീഡിയോ എക്‌സിൽ പങ്കുവച്ചിട്ടുണ്ട്.
വൈശാലിയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് തൊട്ടുപിന്നാലെയാണ് ഉസ്ബെക്ക് താരത്തിന്റെ പ്രതികരണം. നോദിർബെക്കും വൈശാലിയും തമ്മിലുള്ള മത്സരത്തിലെ നാലാം റൗണ്ടിലാണ് സംഭവം. സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ക്ലിപ്പിൽ വൈശാലി മത്സരത്തിന് മുമ്പുള്ള പതിവ് ഹസ്തദാനത്തിനായി കൈ നീട്ടുമ്പോൾ ഇത് നിരസിച്ച് ബോർഡിൽ തന്റെ കരുക്കൾ ക്രമീകരിക്കുന്ന നോദിർബെക്കിനെ കാണാം.
സംഭവം വിവാദമായതിന് പിന്നാലെ നോദിർബെക്ക് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ക്ഷമാപണം നടത്തിയിരുന്നു. താൻ മതപരമായ കാരണങ്ങളാലാണ് ഹസ്തദാനം നിഷേധിച്ചതെന്നായിരുന്നു ഉസ്ബെക് താരത്തിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം വൈശാലിയെ നേരിൽ കണ്ട അവസരത്തിലും താൻ ഇന്ത്യയിലെ എല്ലാ ചെസ് താരങ്ങളെയുംബഹുമാനിക്കുന്നുവെന്ന് നോദിർബെക്ക് പറഞ്ഞു. ഉസ്ബെക് താരത്തിന്റെ ക്ഷമാപണം സ്വീകരിച്ച വൈശാലി തനിക്ക് കാരണം മനസിലായെന്നും അതിൽ വിഷമമില്ലെന്നും മറുപടി നൽകി.
Uzbek GM Nodirbek Yakubboev met GM R. Vaishali and apologized to her. He did so by brining flowers and chocolate.
Full video: https://t.co/TEm7o4Bn3W pic.twitter.com/vnJV8NBdIj
— ChessBase India (@ChessbaseIndia) January 30, 2025















