ന്യൂഡൽഹി: ഗുർപത്വന്ത് സിംഗ് പന്നൂന്റെ നേതൃത്വത്തിലുള്ള ഖാലിസ്ഥാനി ഭീകരർ മണിപ്പൂരിൽ നിന്നുള്ള ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും തമിഴരെയും ഇന്ത്യയിൽനിന്നും വേർപെടാനും പ്രത്യേക രാജ്യത്തിനായി വാദിക്കാനും പ്രേരിപ്പിച്ചുവെന്ന് കേന്ദ്രം. ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രൈബ്യൂണൽ ഉത്തരവിന്റെ ഭാഗമായ രഹസ്യാന്വേഷണ ഏജൻസികളുടെ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
നിരോധിത ഖാലിസ്ഥാനി ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരെ ഭീഷണിപ്പെടുത്തുന്ന ഭീകരപ്രവർത്തനങ്ങളും ആസൂത്രണം ചെയ്തുവെന്ന് എസ്എഫ്ജെയുടെ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടിക്കൊണ്ട് സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ പറയുന്നു.
“മറ്റ് സമുദായങ്ങൾക്കെതിരെ ന്യൂനപക്ഷ സമുദായങ്ങളെ പ്രകോപിപ്പിച്ച് ജനങ്ങളെ വർഗീയമായി വിഭജിക്കുന്നത് എസ്എഫ്‌ജെയുടെ ഇന്ത്യാ വിരുദ്ധ അജണ്ട ഉയർത്താനുള്ള പ്രധാന ഉപകരണമായി മാറിയിരിക്കുന്നു. ‘പ്രത്യേക രാജ്യ’ത്തിന് വേണ്ടി ശബ്ദമുയർത്താൻ മണിപ്പൂരിലെ ക്രിസ്ത്യൻ സമൂഹത്തെ എസ്എഫ്‌ജെ പ്രേരിപ്പിക്കുന്നു. തമിഴ്‌നാട്ടിലെ ജനങ്ങൾ ‘ദ്രാവിഡ്‌സ്ഥാന്റെ’ പതാക ഉയർത്തുകയും ‘ന്യൂനപക്ഷത്തിന്റെ’ കാർഡുയർത്തി മുസ്ലീം വികാരങ്ങൾ ഇളക്കിവിടുകയും ചെയ്തു. ഇതിലൂടെ പ്രത്യേക ‘ഉർദുസ്ഥാൻ’ രൂപീകരിക്കാൻ ഇന്ത്യയിലെ മുസ്ലീങ്ങളെ പ്രേരിപ്പിച്ചു,” രഹസ്യാന്വേഷണ ഏജൻസികൾ തയ്യാറാക്കിയ കുറിപ്പിൽ പറയുന്നു.
കാർഷിക ബില്ലുകളുടെ പേരിൽ പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരെ തെറ്റിദ്ധരിപ്പിച്ച് സംഘർഷം സൃഷ്ടിക്കുന്നതിലും ഖാലിസ്ഥാനി സംഘടനയ്‌ക്ക് പങ്കുണ്ടെന്നാണ് ഏജൻസികളുടെ കണ്ടെത്തൽ.















