ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ അവഹേളിച്ച് കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയാ ഗാന്ധി. “പാവം സ്ത്രീ, വായിച്ച് വയ്യാതായി, കഷ്ടം!” എന്നായിരുന്നു സോണിയയുടെ വാക്കുകൾ. പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്‌ട്രപതി നടത്തിയ പ്രസംഗത്തെക്കുറിച്ചായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവായ സോണിയ അധിക്ഷേപ പരാമർശം നടത്തിയത്.
അവസാനമാകുമ്പോഴേക്കും പ്രസിഡന്റിന് ക്ഷീണമായി, സംസാരിക്കാൻ പോലും വയ്യാതായി, കഷ്ടം!! (The President was getting very tired by the end…She could hardly speak, poor thing) എന്ന് സോണിയ പറഞ്ഞപ്പോൾ അരികിൽ മക്കളായ രാഹുലും പ്രിയങ്കയും നിൽക്കുന്നുണ്ടായിരുന്നു. രാഷ്‌ട്രപതിയുടെ പ്രസംഗം മടുപ്പുളവാക്കുന്നതാണെന്നും പറഞ്ഞ കാര്യങ്ങൾ തന്നെ അവർ പറയുന്നുവെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം.
സംഭവത്തിൽ സോണിയക്കെതിരെ വൻ വിമർശനങ്ങളാണ് ഉയരുന്നത്. കോൺഗ്രസിന്റെ ഫ്യൂഡൽ ചിന്താഗതികളാണ് ഇത്തരം അധിക്ഷേപ പരാമർശങ്ങൾക്ക് കാരണമെന്ന് ബിജെപി എംപി സുകാന്ത മജുംദാർ പ്രതികരിച്ചു. ഒരു വനവാസി വനിത രാഷ്‌ട്രപതി സ്ഥാനം അലങ്കരിക്കുന്നത് കോൺഗ്രസിന് അംഗീകരിക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.















