ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ പരാമർശത്തിൽ കടുത്ത അതൃപ്തി അറിയിച്ച് രാഷ്‌ട്രപതി ഭവൻ. തീർത്തും നിർഭാഗ്യകരമായ പരാമർശമാണ് രാഷ്‌ട്രപതിക്കെതിരെ ഉയർന്നതെന്ന് പ്രസ് സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. രാഷ്‌ട്രപതി ഭവന്റെ അന്തസ്സിനെ മുറിവേൽപ്പിക്കുന്ന വാക്കുകളാണെന്നും അത്തരം പരാമർശം അംഗീകരിക്കാൻ കഴിയില്ലെന്നും രാഷ്‌ട്രപതിയുടെ ഓഫീസ് അറിയിച്ചു. സമൂഹത്തിന് വേണ്ടി സംസാരിക്കുമ്പോൾ ക്ഷീണം തോന്നേണ്ട കാര്യമില്ല. മോശം പ്രതികരണങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും രാഷ്‌ട്രപതി ഭവൻ ചൂണ്ടിക്കാട്ടി.
പാർലമെന്റ് അഭിസംബോധനയ്‌ക്കിടെ രാഷ്‌ട്രപതി ക്ഷീണിതയായിട്ടില്ല. പ്രസംഗത്തിനിടെ ഒരു ഘട്ടത്തിലും രാഷ്‌ട്രപതി തളർന്നിട്ടില്ല. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കുവേണ്ടിയും സ്ത്രീകൾക്ക് വേണ്ടിയും കർഷകർക്കുവേണ്ടിയും സംസാരിക്കുന്നതിൽ നിന്ന് രാഷ്‌ട്രപതിയെ മടുപ്പിക്കാനാവില്ലെന്നും രാഷ്‌ട്രപതി ഭവൻ പറഞ്ഞു. സോണിയാ ഗാന്ധിയുടെ പേരെടുത്ത് പറയാതെയാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.
പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ലോക്സഭയേയും രാജ്യസഭയേയും സംയുക്തമായി അഭിസംബോധന ചെയ്ത് രാഷ്‌ട്രപതി ദ്രൗപദി മുർമു നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ സോണിയ ഗാന്ധി നടത്തിയ പരിഹാസമാണ് രാഷ്‌ട്രപതി ഭവന്റെ പ്രതികരണത്തിന് ഇടയാക്കിയത്. “പ്രസംഗം വായിച്ച് അവസാനമാകുമ്പോഴേക്കും പ്രസിഡന്റിന് ക്ഷീണമായി, സംസാരിക്കാൻ പോലും വയ്യ, കഷ്ടം!!” എന്നായിരുന്നു സോണിയയുടെ വാക്കുകൾ. രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് സോണിയയുടെ പരാമർശത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.
സോണിയ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതൃത്വവും രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്റെ വരേണ്യ മനോഭാവമാണ് രാഷ്‌ട്രപതിക്കെതിരായ പരാമർശത്തിലൂടെ പ്രകടമായതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ പ്രതികരിച്ചു. രാഷ്‌ട്രപതിയോടും വനവാസി സമൂഹത്തോടും കോൺഗ്രസ് മാപ്പ് പറയണമെന്നും നദ്ദ ആവശ്യപ്പെട്ടു.















