തിരുവനന്തപുരം: വിഴിഞ്ഞത്ത് കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കുന്നതിനിടെ വൈദ്യുതി പോസ്റ്റിൽ തട്ടി കൈ അറ്റുപോയ ആൾ രക്തം വാർന്ന് മരിച്ചു. വിഴിഞ്ഞം പുല്ലുവിള സ്വദേശി സെഞ്ചിലോസ് (55) ആണ് ദാരുണമായി മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് വൈകിട്ട് നാലോടെ പുളിങ്കുടിക്ക് സമീപത്തായിരുന്നു അപകടം. റോബർ എന്ന യാത്രക്കാരനാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് ഗുരതരമല്ലെന്നാണ് സൂചന.
ബസ് റോഡിനു സമീപത്തുള്ള പോസ്റ്റിനോട് ചേർന്ന് പോകവെയാണ് അപകടമുണ്ടായത്. സൈഡ‍് സീറ്റിലുരുന്ന സെഞ്ചിലോസ് കൈ പുറത്തിട്ടിരിക്കുകയായിരുന്നു എന്നാണ് വിവരം. കൈ അറ്റുപോയതോടെ വലിയ തോതിൽ രക്തസ്രാവമുണ്ടായി. ഇയാളെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.















