ന്യൂഡൽഹി: വിനോദസഞ്ചാര മേഖലയ്‌ക്ക് കൂടുതൽ ഉത്തേജനം നൽകി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങൾ കൊണ്ടുവരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
വിനോദസഞ്ചാര മേഖലയിൽ കൂടുതൽ യുവാക്കളെ നിയമിക്കും. ഹോം സ്റ്റേകൾക്ക് നൽകുന്ന മുദ്ര ലോണിന് പുറമേ ഹോട്ടൽ സ്കീമുകളുടെ കീഴിലുള്ള ആനുകൂല്യങ്ങളും ഹോം സ്റ്റേകൾക്ക് നൽകും. വിദേശ ടൂറിസ്റ്റ് ഗ്രൂപ്പുകൾക്ക് വിസ ഇളവുകളുണ്ടാകും. സ്വകാര്യ മേഖലയുമായി സഹകരിച്ച് വിനോദസഞ്ചാര മേഖലയെ കൂടുതൽ ഉയർത്തും.
ഹോട്ടലുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി കൂടുതൽ പദ്ധതികൾ നടപ്പിലാക്കും. പ്രീമിയം ഹോട്ടലുകൾക്ക് ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറയ്‌ക്കും. മൊബൈൽ ഫോണുകൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കും വില കുറയും. ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണത്തിന് പ്രോത്സാഹനം. ലിഥിയം, അയോൺ ബാറ്ററികളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കും.
ജീവൻരക്ഷാ മരുന്നുകൾക്ക് വില കുറയും. 36 ജീവൻരക്ഷാ മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി. ആറ് മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവ് വരുത്തിയതായും ധനമന്ത്രി പറഞ്ഞു.















