ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റേത് സാധാരണക്കാർക്കുവേണ്ടിയുള്ള ബജറ്റാണെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞ പത്ത് വർഷക്കാലയളവിൽ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് 2025 ളെ ബജറ്റ് പ്രഖ്യാപനങ്ങളെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സാധാരണക്കാർക്കും കർഷകനും യുവാക്കൾക്കും വനിതകൾക്കും മധ്യവർഗത്തിനും വേണ്ടി അക്ഷീണം പരിശ്രമിക്കുന്ന പ്രധാനമന്ത്രിക്ക് രാജീവ് ചന്ദ്രശേഖർ നന്ദി രേഖപ്പെടുത്തി.
എക്‌സിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം കേന്ദ്ര ബജറ്റിന് അഭിനന്ദനങ്ങൾ അറിയിച്ചത്. വികസനത്തിനായി കഴിഞ്ഞ 10 വർഷം നടത്തിയ പ്രധാനമന്തിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്ന് ബജറ്റിലൂടെ നികുതിയിളവായും ശമ്പളയിനത്തിൽ കൂടുതൽ വരുമാനമായും സാധാരണക്കാർക്കിടയിലേക്ക് എത്തിയത്. പത്ത് വർഷം കൊണ്ട് പ്രധാനമന്ത്രി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മാറ്റിമറിക്കുകയും കോൺഗ്രസ് ഭരണകാലത്തെ നഷ്ടപ്പെട്ട ദശകത്തിൽ നിന്നും പുനർനിർമ്മിക്കുകയും ചെയ്തുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ അടിസ്ഥാന സൗകര്യ വികസനത്തിൽ ഉയർന്ന നിക്ഷേപത്തിനായുള്ള പദ്ധതികൾ കഴിഞ്ഞ കുറച്ചുവർഷങ്ങളായി പ്രധാനമന്ത്രി നടപ്പിലാക്കി വരുന്നു. ഇന്ന് ബജറ്റിലൂടെ അദ്ദേഹം പരിവർത്തനത്തിന്റെയും വളർച്ചയുടെയും നേട്ടങ്ങൾ ഇന്ത്യയിലെ ജനങ്ങളിലേക്ക് എത്തിച്ചു. രാജ്യത്തെ സാധാരണക്കാർക്കും കർഷകനും യുവാക്കൾക്കും വനിതകൾക്കും മധ്യവർഗത്തിനും വേണ്ടി നിലകൊള്ളുന്നുവെന്ന സന്ദേശം ഒരിക്കൽകൂടി ആവർത്തിക്കുകയാണ് പ്രധാനമന്ത്രിയെന്നും രാജീവ് ചന്ദ്രശേഖർ കുറിച്ചു.