ആം ആദ്മിയിൽ നിന്ന് രാജിവച്ച എട്ട് എം.എൽ.എമാർ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. ഇവർക്കൊപ്പം ആപ്പിന്റെ പ്രാഥമിക അംഗത്വം രാജിവച്ച സിറ്റിംഗ് കൗൺസിലറും ബിജെപിക്കൊപ്പം ചേരും. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആപ്പിനും അരവിന്ദ് കേജരിവാളിനും ഞെട്ടലുണ്ടാക്കുന്നതാണ് മുൻ എംഎൽഎമാരുടെ തീരുമാനം. ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ദേവയും മറ്റ് നേതാക്കളും ചേർന്നാണ് ഇവരെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
ഗിരീഷ് സോണി (മാദിപൂർ), രോഹിത് മെഹ്‌റൗലിയ (ത്രിലോക്പുരി), മദൻ ലാൽ (കസ്തൂർബാ നഗർ), രാജേഷ് ഋഷി (ജനക്പുരി), നരേഷ് യാദവ് (മെഹ്‌റൗലി), ഭാവന ഗൗർ (പാലം), പവൻ കുമാർ ശർമ (ആദർശ്). നഗർ), ബിഎസ് ജൂൺ (ബിജ്വാസൻ), അജയ് റായ് കൗൺസിലർ, (വാർഡ് 137). എന്നിവരാണ് ബിജെപിയിലെത്തിയത്.
എം.എൽ.എമാർ രാജിക്കത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ആപ്പിൽ വർദ്ധിച്ചുവരുന്ന അഴിമതിയിൽ പ്രതിഷേധിച്ചും സ്ഥാപിത മൂല്യങ്ങളിലും തത്വങ്ങളിലും നിന്നും വ്യതിചലിക്കുന്ന പാർട്ടിയുടെ നീക്കത്തിൽ നിരാശ പ്രകടിപ്പിച്ചുമായിരുന്നു ഇവരുടെ രാജി.















