പാട്ന: രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ പരാതി. ബിഹാറിലെ മുസാഫർപൂർ ജില്ലയിലെ കോടതിയിലാണ് പരാതി ലഭിച്ചിരിക്കുന്നത്. മുസാഫർപൂർ സ്വദേശിയായ അഭിഭാഷകൻ സുധീർ ഓജയാണ് സോണിയാ ഗാന്ധിക്കെതിരെ പരാതി നൽകിയത്. രാജ്യത്തെ പരമോന്നത ഭരണഘടനാ അധികാരിയെ അനാദരിച്ചുവെന്നും സോണിയക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നുമാവശ്യപ്പെട്ടാണ് പരാതി.
ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാദ്രയെയും സുധീർ ഇവർക്കെതിരെയും നിയമനടപടി സ്വീകരക്കണമെന്ന് ആവശ്യപ്പെട്ടു. ‘കഷ്ടം’ എന്ന പരാമർശം നടത്തി സോണിയാ ഗാന്ധി പ്രസിഡൻ്റ് ദ്രൗപതി മുർമുവിനെ അപമാനിച്ചു. രാജ്യത്തെ പരമോന്നത ഭരണഘടനാ അധികാരിയോടുള്ള അനാദരവാണിത്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധി വാദ്രയും ഇതിൽ കൂട്ടുപ്രതികളാണ്. അവർക്കെതിരെ ഭാരതീയ ന്യായ സൻഹിതയുടെ (ബിഎൻഎസ്) വകുപ്പുകൾ പ്രകാരം കേസെടുക്കണം. മുസാഫർപൂരിലെ സിജെഎം കോടതിയിൽ പരാതി നൽകിയ ശേഷം സുധീർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
ലോക്സഭയേയും രാജ്യസഭയേയും സംയുക്തമായി അഭിസംബോധന ചെയ്ത് രാഷ്‌ട്രപതി ദ്രൗപദി മുർമു നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ സോണിയ ഗാന്ധി നടത്തിയ പരിഹാസമാണ് ചർച്ചകൾക്ക് ഇടയാക്കിയത്. “പ്രസംഗം വായിച്ച് അവസാനമാകുമ്പോഴേക്കും പ്രസിഡന്റിന് ക്ഷീണമായി, സംസാരിക്കാൻ പോലും വയ്യ, കഷ്ടം!!” എന്നായിരുന്നു സോണിയയുടെ വാക്കുകൾ. രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് സോണിയയുടെ പരാമർശത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.