തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടുവയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ശ്രീതുവിനെതിരെ തട്ടിപ്പിന് കേസെടുക്കാൻ പൊലീസ്. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് കേസെടുക്കുന്നത്. ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥ എന്ന് പരിചയപ്പെടുത്തി ആളുകളിൽ നിന്നും പണം വാങ്ങിയതായാണ് പരാതി.
നിലവിൽ തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് പരാതികളിലാണ് ബാലരാമപുരം പൊലീസ് ശ്രീതുവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്. ഇവർ ദേവസ്വം ബോർഡിൽ ജോലിചെയ്യുന്നുവെന്നാണ് മറ്റുള്ളവരെ ധരിപ്പിച്ചിരുന്നത്. എന്നാൽ അന്വേഷണത്തിൽ ശ്രീതു ദേവസ്വംബോർഡിലെ ജീവനക്കാരിയല്ലെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് അയൽവാസികളെ തെറ്റിദ്ധരിപ്പിക്കുകയും ജോലി വാങ്ങി നൽകാമെന്ന് വാഗ്‌ദനം ചെയ്ത് ഇവരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് പരാതി. അതേസമയം ശംഖുമുഖം സ്വദേശിയായ ജ്യോത്സ്യൻ 36 ലക്ഷം രൂപ തട്ടിയെന്ന ശ്രീതുവിന്റെ പരാതിയിലും നിജസ്ഥിതി കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്.