ന്യൂഡൽഹി: 2025-26 കേന്ദ്രബജറ്റിനെ അതിഗംഭീരമെന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേക്ക് ലഭിച്ചിരിക്കുന്ന വിഹിതം ഇന്ത്യൻ റെയിൽവേയിൽ വൻ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുമെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യം മുഴുവനും വ്യാപിച്ച് കിടക്കുന്ന ട്രെയിൻ സർവീസുകൾ കൂടുതൽ സുരക്ഷിതവും സുഖപ്രദവുമായ യാത്ര പ്രദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത 2-3 വർഷത്തിനുള്ളിൽ 200 പുതിയ വന്ദേഭാരത് ട്രെയിനുകളും 100 അമൃത് ഭാരത് ട്രെയിനുകളും 50 നമോ ഭാരത് റാപ്പിഡ് റെയിലുകളും പ്രതീക്ഷിക്കാമെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. ഇതുകൂടാതെ 17,500 ജനറൽ നോൺ-എസി കോച്ചുകൾ കൂടി വിവിധ ട്രെയിനുകളിലായി ഉൾപ്പെടുത്തുമെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.
2025-26 സാമ്പത്തിക വർഷത്തേക്ക് റെയിൽവേ മന്ത്രാലയത്തിന് മാത്രമായി 2,52,000 കോടി രൂപ നീക്കിവച്ചതിന് ധനമന്ത്രി നിർമല സീതാരാമനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും റെയിൽവേ മന്ത്രി നന്ദിയറിയിച്ചു.
2025-26 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഇന്ത്യൻ റെയിൽവേ 100 ശതമാനം വൈദ്യുതീകരണം കൈവരിക്കും. 2047 ആകുമ്പോഴേക്കും 7,000 കിലോ മീറ്റർ ഹൈ-സ്പീഡ് റെയിൽ നെറ്റ്വർക്ക് സ്ഥാപിക്കുകയാണ് ലക്ഷ്യം. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചാരം സാധ്യമാക്കുന്ന റെയിൽപാതകളും ട്രെയിനുകളും നിലവിൽ വരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.















