ആഗ്ര: 21 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർതൃസഹോദരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് സംഭവം. നാത്തൂനെ കൊല്ലാൻ ഇയാൾ ബാങ്കിൽ നിന്നും 40,000 രൂപ വായ്‍പയെടുത്താണ് കൊട്ടേഷൻ നൽകിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ വനത്തിൽ നിന്നും തലയോട്ടിയുൾപ്പെടെയുള്ള മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.
മൃതദേഹം തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഭാഗികമായി കത്തിയ വസ്ത്രങ്ങൾ പാദരക്ഷകൾ, മോതിരം, മുടി, ക്ലിപ്പ് തുടങ്ങിയ അവശിഷ്ടങ്ങൾ പരിശോധിച്ച മാതാപിതാക്കളാണ് യുവതിയെ തിരിച്ചറിഞ്ഞത്.
പ്രതിയും യുവതിയുമായി രണ്ടുവർഷത്തിലേറെയായി അവിഹിതബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പാഞ്ഞു. ഒരുമിച്ചുള്ള ചിത്രങ്ങളും ചില സ്വകാര്യ വീഡിയോകളും ഉപയോഗിച്ച് യുവതി ഭീഷണിപ്പെടുത്തിയിരുന്നതായാലും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പൊലീസിന് മൊഴിനൽകി. കൊലപാതകത്തിനായി ബാങ്കിൽ നിന്നും 40,000 രൂപ വായ്പയെടുത്തു. 10,000 രൂപ മുൻകൂറായി കൊട്ടേഷൻ സംഘത്തിന് നൽകി. കുറ്റകൃത്യത്തിന് ശേഷം 20,000 രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു.
കൊലപാതകശേഷം മൃതദേഹം പെട്രോളഴിച്ച് കത്തിക്കുകയായിരുന്നു. മീററ്റ് സ്വദേശിയായ ഭർതൃസഹോദരനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ കൊലപാതകം, കൂട്ടബലാത്സംഗം തുടങ്ങിയ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.















