ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2025-26 ജനങ്ങൾക്ക് വേണ്ടിയുള്ള ബജറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിനെ ജനങ്ങളുടെ ബജറ്റെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇടത്തരക്കാരെ ബിജെപി എന്നും ബഹുമാനിക്കുന്നുണ്ടെന്നും പറഞ്ഞു. ഡൽഹിയിലെ ആർകെ പുരത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“ഇടത്തരക്കാർക്ക് വളരെയധികം പ്രയോജനം ചെയ്യുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. പുതിയ ബജറ്റിലൂടെ ഇടത്തരക്കാരുടെ ആവശ്യങ്ങൾ നിറവേറും. ദൈനംദിന അവശ്യവസ്തുക്കളും മറ്റ് സാധനങ്ങളും താങ്ങാനാവുന്ന വിലയ്‌ക്ക് ജനങ്ങൾക്ക് ലഭ്യമാകും. സത്യസന്ധമായി നികുതി അടയ്‌ക്കുന്ന ആളുകളെ ബിജെപി എന്നും ബഹുമാനിക്കുമെന്നും” പ്രധാനമന്ത്രി പറഞ്ഞു.
‘മുൻ സർക്കാരുകളുടെ കാലത്ത് ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവർക്ക് അതിന്റെ നാലിലൊന്നും നികുതിയായി പോകുമായിരുന്നു. എന്നാൽ ഇന്ന് 12 ലക്ഷം രൂപ സമ്പാദിക്കുന്ന വ്യക്തിക്ക് പോലും നികുതിപണമായി ഒരു രൂപ പോലും അടയ്‌ക്കേണ്ടി വരില്ല’.
‘ഡൽഹിയിൽ ബിജെപി അധികാരത്തിൽ എത്തും. ജനങ്ങൾ ആംആദ്മി പാർട്ടിയെ ഇന്ന് വെറുക്കുകയാണ്. ജനങ്ങൾക്ക് പാർട്ടിയോട് ദേഷ്യമാണ്. ഏക് ഭാരത്, ശ്രേഷ്ഠ ഭാരത് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ആർകെ പുരം. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ ഒരുമിച്ച് താമസിക്കുന്നു. വസന്തപഞ്ചമി വന്നതോടെ ഡൽഹിയിൽ പുതിയ വസന്തം തുടങ്ങുമെന്നും’ പ്രധാനമന്ത്രി പറഞ്ഞു.















