ചെന്നൈ: നടൻ പ്രകാശ് രാജിന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രമാണ് കേസിനാധാരം. കുംഭമേളയിൽ പ്രകാശ് രാജ് പങ്കെടുത്തെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ചിത്രം. ഇത് പ്രചരിപ്പിച്ച സംഭവത്തിൽ കന്നഡ നിർമാതാവ് പ്രശാന്ത് സാംബർഗിക്കെതിരെ പ്രകാശ് രാജ് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
ഫെയ്സ്ബുക്കിലൂടെയാണ് പ്രകാശ് രാജിന്റെ എഐ വ്യാജ ചിത്രം പ്രശാന്ത് സാംബർഗി പങ്കുവച്ചത്. ‘അദ്ദേഹത്തിന്റെ എല്ലാ പാപങ്ങളും ഇല്ലാതായെന്ന് പ്രതീക്ഷിക്കുന്നു’- എന്ന അടികുറിപ്പോടെയാണ് വ്യാജ ചിത്രം പങ്കുവച്ചത്. ഇത് നിമിഷങ്ങൾക്കകം സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് ചിത്രത്തിന്റെ സത്യാവസ്ഥയെ കുറിച്ച് പ്രകാശ് രാജ് വെളിപ്പെടുത്തിയത്.
താൻ ഒരു മതത്തിനും എതിരായി സംസാരിച്ചിട്ടില്ലന്നും എന്നാൽ ചിലർ മതഭിന്നതങ്ങൾ സൃഷ്ടിക്കുകയാണെന്നും പൊലീസിൽ പരാതി നൽകിയ ശേഷം പ്രകാശ് രാജ് എക്സിൽ കുറിച്ചു. ‘പ്രകാശ് സാംബർഗി ആരാണെന്ന് പോലും എനിക്കറിയില്ല. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് എന്റെ വ്യാജ ചിത്രം നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഇത് പതിവായിരിക്കുകയാണ്. ഇത്തരം വ്യാജ പ്രചാരണങ്ങളെ ആരും ചോദ്യം ചെയ്യുന്നില്ല എന്നതാണ് സത്യം. ഇത്തരക്കാർ വിദ്വോഷം പ്രചരിപ്പിക്കുകയാണെന്നും’ പ്രകാശ് രാജ് കുറിച്ചു.















