പ്രയാഗ്‌രാജ്: ജനുവരി 13 ന് ആരംഭിച്ച മഹാകുംഭ മേളയിലേക്ക് ഇതുവരെയെത്തിയത് 350 മില്യൺ (35 കോടി) ഭക്തജനങ്ങൾ. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമ സ്ഥാനമായ ത്രിവേണി സംഗമത്തിലേക്ക് ബസന്ത് പഞ്ചമി ദിനത്തിലും ഭക്തരുടെ ഒഴുക്ക് തുടരുകയാണ്. ഋഷിമാർ,സന്യാസിമാർ, ഭക്തർ, കൽപ്പവാസികൾ, തീർത്ഥാടകർ തുടങ്ങി രാവിലെ 8 മണിവരെ ബസന്ത് പഞ്ചമി ദിനത്തിലെ ശുഭ മുഹൂർത്തത്തിൽ അമൃത സ്നാനത്തിനെത്തിയത് 6.2 ദശലക്ഷം ഭക്തരാണ്. ത്രിവേണി സംഗമത്തിൽ അമൃതസ്നാനത്തിന് ഒത്തുകൂടിയവർക്കുമേൽ യുപി സർക്കാർ പുഷ്പവൃഷ്ടി ചൊരിഞ്ഞു.
കഴിഞ്ഞ ദിവസം ഏകദേശം 12 ദശലക്ഷം ഭക്തരാണ് ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തിയത്. മഹാകുംഭത്തിന് പരിസമാപ്തി കുറിക്കാൻ 23 നാളുകൾ ശേഷിക്കെ പ്രയാഗ്‌രാജിലെത്തുന്നവരുടെ എണ്ണം 500 മില്യൺ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൗനി അമാവാസിയിലാണ് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്തത്. മകര സംക്രാന്തിയിൽ 35 ദശലക്ഷവും ജനുവരി 30 നും ഫെബ്രുവരി 1 നും 20 ദശലക്ഷത്തിലധികം പേരും പൗഷ പൂർണിമയിൽ 17 ലക്ഷം ഭക്തരും കുംഭമേളയ്‌ക്കെത്തി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖരും ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി. യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ, കേന്ദ്രമന്ത്രിമാരായ ഗജേന്ദ്രസിംഗ് ഷെഖാവത്ത്, അർജുൻ റാം മേഘ്‌വാൾ, ബിജെപി എംപി സുധാൻഷു ത്രിവേദി, രാജ്യസഭാ എംപി സുധാമൂർത്തി, എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരാണ് മറ്റ് പ്രമുഖർ.
അഭിനേതാക്കളായ ഹേമമാലിനി, അനുപം ഖേർ, ഭാഗ്യശ്രീ,മിലിന്ദ് സോമൻ, കവി കുമാർ വിശ്വാസ്, ക്രിക്കറ്റ് തരാം സുരേഷ് റെയ്‌ന, കൊറിയോഗ്രാഫർ റെമോ ഡിസൂസ, തുടങ്ങി ബോളിവുഡിലെയും കായികലോകത്തെയും പ്രമുഖരും കുംഭമേളയിൽ പങ്കെടുക്കാനെത്തിയിരുന്നു.