ന്യൂഡൽഹി: തുടർച്ചയായ രണ്ടാം തവണയും അണ്ടർ19 വനിതാ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. അഞ്ച് കോടി രൂപയുടെ ക്യാഷ് അവാർഡാണ് ലോകചാമ്പ്യന്മാർക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ടൂർണമെന്റിലുടനീളം എതിരാളികളോട് തോൽവി വഴങ്ങാതെ മുന്നേറിയ ടീമിന്റെ ശ്രദ്ധേയമായ പ്രകടനത്തെയും ബോർഡ് പ്രശംസിച്ചു. തുടർച്ചയായ ഏഴ് മത്സരങ്ങൾ ജയിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 9 വിക്കറ്റിന് തകർത്താണ് ഇന്ത്യൻ പെൺപടയുടെ കിരീടധാരണം.
2025-ൽ മലേഷ്യയിൽ നടന്ന ഐസിസി അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ കിരീടം നിലനിർത്തിയതിന് ഇന്ത്യൻ അണ്ടർ 19 വനിതാ ടീമിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഈ ശ്രദ്ധേയമായ നേട്ടത്തെ ആദരിക്കുന്നതിനായി മുഖ്യ പരിശീലകൻ നൂഷിൻ അൽ ഖദീർ നേതൃത്വം നൽകുന്ന ടീമിനും സപ്പോർട്ട് സ്റ്റാഫിനും ബിസിസിഐ 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു,” ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ക്വാലാലംപൂരിലെ ബയുമാസ് ഓവലിൽ നടന്ന ലോകകപ്പ് ഫൈനലിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ ബൗളർമാർ 82 റൺസിന് എറിഞ്ഞിട്ടു. പരുണിക സിസോദിയ (2/6), ആയുഷി ശുക്ല (2/9), വൈഷ്ണവി ശർമ (2/23), ഗോംഗഡി തൃഷ (3/15) എന്നിവരടങ്ങിയ ഇന്ത്യൻ സ്പിൻ ആക്രമണം പ്രോട്ടീസ് വനിതകൾക്ക് തിരിച്ചുവരവിന് അവസരം നൽകിയില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് കമാലിനി (8)യുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. തൃഷയുടെ ഓൾറൗണ്ട് പ്രകടനമികവിൽ ഇന്ത്യൻ ടീം വെറും 11.2 ഓവറിൽ ഒമ്പത് വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി.















