തിരുവനന്തപുരം: ആറ്റിങ്ങലിൽ കശാപ്പിനായി കൊണ്ടുവന്ന കാള വിരണ്ടോടി വീട്ടമ്മയെ കുത്തി വീഴ്‍ത്തി. കാളയുടെ ആക്രമണത്തിൽ തോട്ടവരം സ്വദേശി ബിന്ദുവിന് ഗുരുതരമായി പരിക്കേറ്റു. രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് കാളയെ കീഴ്‌പ്പെടുത്താനായത്.
ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെയാണ് സംഭവം. കുഴിമുക്കിൽ വച്ചാണ് കശാപ്പിനായി എത്തിച്ച കാള വിരണ്ടോടി അപകടമുണ്ടായത്. കാളയെ കെട്ടിയിരുന്നതിന് സമീപപ്രദേശത്തുണ്ടായിരുന്ന വീട്ടമ്മയെയാണ് കാള കുത്തിവീഴ്‌ത്തിയത്. വീട്ടമ്മയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുഴിമുക്കിൽ നിന്നും വിരണ്ടോടിയ കാളയെ രണ്ട് മണിക്കൂറുകൾക്ക് ശേഷം കൊല്ലംകോട് ഭാഗത്തുവച്ചാണ് കീഴ്പ്പെടുത്താനായത്. പൊലീസും ഫയർഫോഴ്‌സും അടക്കമുള്ളവർ പ്രദേശത്തെത്തിയിരുന്നെങ്കിലും ആർക്കും അക്രമകാരിയായ കാളയെ പിടിച്ചുകെട്ടാനായിരുന്നില്ല. ഒടുവിൽ സമീപത്തെ ക്ഷേത്രത്തിലുള്ള ആനപാപ്പാനാണ് കാളയെ കീഴ്പ്പെടുത്തിയത്.















