ന്യൂഡൽഹി: 2025-56 കേന്ദ്രബജറ്റിൽ റെയിൽവേയ്‌ക്ക് അനുവദിച്ച ഫണ്ടിൽ നിന്ന് കേരളത്തിന് വകയിരുത്തിയത് 3,042 കോടിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. യുപിഎ കാലത്തേക്കാൾ എട്ട് ഇരട്ടി അധികമാണ് കേരളത്തിന് റെയിൽവേ ബജറ്റ് വിഹിതമായി ലഭിച്ചിരിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. നിലമ്പൂർ-നഞ്ചൻകോട് പദ്ധതി നടത്തിപ്പിലാണെന്നും കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ എത്തിക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
2009-2014 യുപിഎ കാലത്ത് പ്രതിവർഷം ശരാശരി 372 കോടിയാണ് റെയിൽവേ വികസനത്തിനായി കേരളത്തിന് അനുവദിച്ചിരുന്നത്. 2014ന് ശേഷം കേരളത്തിൽ 125 കിലോമീറ്റർ പുതിയ ട്രാക്കുകൾ നിർമിച്ചു. റെയിൽപാതകൾ പൂർണമായും വൈദ്യുതീകരിച്ചു. നിലവിൽ എട്ട് റെയിൽവേ പദ്ധതികളാണ് നിർമാണത്തിലുള്ളത്. 12,350 കോടിയുടെ വിവിധ പ്രോജക്ടുകളിലായി 419 കിലോമീറ്റർ റെയിൽപാത നിർമാണത്തിലാണ്. 2014ന് ശേഷം 114 റെയിൽവേ ഫ്ലൈ ഓവറുകളും അടിപ്പാതകളും നിർമിച്ചു.
അമൃത് ഭാരത് പദ്ധതിക്ക് കീഴിൽ കേരളത്തിലെ 35 സ്റ്റേഷനുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ഇതിനായി 2,560 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ആലപ്പുഴ, അങ്ങാടിപ്പുറം, അംഗമാലി, ചാലക്കുടി, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, ചിറയിൻകീഴ്, എറണാകുളം, എറണാകുളം ടൗൺ, ഏറ്റുമാനൂർ, ഫറൂഖ്, ഗുരുവായൂർ, കണ്ണൂർ, കാസർകോട്. കായംകുളം ജംഗ്ഷൻ, കൊല്ലം ജംഗ്ഷൻ, കോഴിക്കോട് മെയിൻ, കുറ്റിപ്പുറം, മാവേലിക്കര, നെയ്യാറ്റിൻകര, നിലമ്പൂർ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂർ, പുനലൂർ, ഷൊർണൂർ ജംഗ്ഷൻ, തലശ്ശേരി, തിരുവനന്തപുരം, തൃശൂർ, തിരൂർ, തിരുവല്ല, തൃപ്പൂണിത്തുറ, വടകര, വർക്കല, വടക്കാഞ്ചേരി എന്നീ സ്റ്റേഷനുകളാണ് നവീകരിക്കുന്നത്.
യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിലായി 51 ലിഫ്റ്റുകൾ, 33 എസ്കലേറ്ററുകൾ എന്നിവയും 120 സ്റ്റേഷനുകളിൽ വൈഫൈ സൗകര്യവും ഏർപ്പെടുത്തി. കേരളത്തിൽ സർവീസ് നടത്തുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകൾ 11 ജില്ലകളിലൂടെ കടന്നുപോകുന്നുണ്ടെന്നും 13 സ്റ്റോപ്പുകളുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
രാജ്യത്ത് 200 പുതിയ വന്ദേഭാരത് ട്രെയിനുകൾ, 50 പുതിയ നമോ ഭാരത് ട്രെയിനുകൾ, 100 അമൃത് ഭാരത് ട്രെയിനുകൾ എന്നിവ കൊണ്ടുവരുമെന്നും റെയിൽവേ മന്ത്രി അറിയിച്ചു.















